പാലക്കാട്
മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിലവിലെ പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു പറ്റിച്ചെന്ന് കോൺഗ്രസിൽനിന്ന് രാജിവച്ച എ വി ഗോപിനാഥ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് താൻ ഉയർത്തിയ പ്രശ്നങ്ങളിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാക്കുമെന്ന് കെ സുധാകരൻ എഴുതിനൽകി. ഒന്നും ഉണ്ടായില്ല. മുല്ലപ്പള്ളി രാമചന്ദ്രനും വഞ്ചിച്ചു. കോൺഗ്രസ് നേതാക്കൾ ആരുവന്നാലും ചർച്ച നടത്തും. എന്നാൽ അന്തിമ തീരുമാനം ഞാൻ എടുക്കും. കോൺഗ്രസ് നൽകുന്ന ഒരു സ്ഥാനവും സ്വീകരിക്കില്ല. ഇനി കോൺഗ്രസിലേക്ക് തിരിച്ചുപോക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ ഈ വിഷയത്തിലേക്ക് വലിച്ചിട്ട അനിൽ അക്കര പ്രകോപനം സൃഷ്ടിച്ച് എന്നെ പുകച്ച് പുറത്താക്കാൻ ശ്രമിച്ചതാണ്.
ഹൈക്കമാൻഡ് ചർച്ച വേണമെന്ന് പറയുമ്പോൾ ഇവിടെയുള്ളവർക്ക് എന്തോ പറ്റി എന്നല്ലേ മനസ്സിലാക്കേണ്ടത്. സിപിഐ എം ഉൾപ്പടെ നല്ലത് പറയുന്നതിൽ അഭിമാനമുണ്ട്. ഉചിത സമയത്ത് ശരിയായ തീരുമാനമെടുക്കും–- എ വി ഗോപിനാഥ് പറഞ്ഞു.
പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെ അനുകൂലികളുടെ യോഗം വിളിക്കാൻ എ വി ഗോപിനാഥ് തീരുമാനിച്ചു. ബുധനാഴ്ച വ്യത്യസ്ഥ വിഭാഗങ്ങളുടെ യോഗം വിളിച്ച് കൂടുതൽ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഗോപിനാഥ്.