കൊച്ചി
നിക്ഷേപ ഇടപാടിലൂടെ കോടികൾ തട്ടിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയലിന്റെയും മകളും കമ്പനി സിഇഒയുമായ റിനു മറിയത്തിന്റെയും ജാമ്യാപേക്ഷ തള്ളി. എറണാകുളത്തെ പ്രത്യേക കോടതിയാണ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) ജാമ്യാപേക്ഷ തള്ളിയത്.കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസാണിതെന്നും വിദേശരാജ്യങ്ങളിൽ പ്രതികൾക്ക് ബന്ധമുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. അന്വേഷണം നിർണായകഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്നും ഇഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. 30,000 പേരിൽനിന്ന് 1600 കോടി തട്ടിയെടുത്ത കേസിൽ ആഗസ്ത് ഒമ്പതിനാണ് തോമസിനെയും റിനുവിനെയും ഇഡി അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ശേഖരിച്ച പണത്തിൽ ഏതാനും ഭാഗം ഓസ്ട്രേലിയ, ദുബായ് എന്നിവിടങ്ങളിൽ നിക്ഷേപിച്ചതായും കണ്ടെത്തി. ഇവിടെ തോമസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴിയാണ് പണം നിക്ഷേപിച്ചത്. ഓസ്ട്രേലിയ, ദുബായ് എന്നിവിടങ്ങളിലേക്ക് കടക്കാനായിരുന്നു തോമസിന്റെയും കുടുംബത്തിന്റെയും നീക്കം. ആരുടെ പേരിലാണ് പണം വിദേശത്തേക്ക് കടത്തിയതെന്ന് ഇഡി അന്വേഷിക്കും. വിദേശത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യും.
റാന്നി കേന്ദ്രമായ പോപ്പുലർ ഫിനാൻസിന് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടകം, ഹരിയാന എന്നിവിടങ്ങളിൽ 280 ബ്രാഞ്ചുണ്ട്. നിക്ഷേപത്തിന് വൻതുക പലിശ നൽകാമെന്ന് വാഗ്ദാനം നൽകി 2000 കോടി സമാഹരിച്ചു. പൊലീസിന് ലഭിച്ച പരാതിപ്രകാരം 1600 കോടിയുടെ തട്ടിപ്പ് വ്യക്തമായിട്ടുണ്ട്. കോവിഡിനെ തുടർന്ന് നിക്ഷേപകർ പണം തിരികെയെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കേരളത്തിന് അകത്തും പുറത്തുമായി 1368 കേസാണ് കമ്പനിക്കെതിരെയുള്ളത്.