കൊച്ചി
സംവരണമണ്ഡലങ്ങളായ കുന്നത്തുനാട്, വൈക്കം, നാട്ടിക എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി.
തടസ്സവാദങ്ങളുണ്ടെങ്കിൽ അറിയിക്കാൻ എതിർകക്ഷികളോട് നിർദേശിച്ചു. ഈ മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥികളായ വി കെ വേലായുധൻ, കുട്ടൻ കട്ടച്ചിറ, എ കെ ശിവരത്നൻ എന്നിവർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് പി സോമരാജൻ പരിഗണിച്ചത്. മതനിരപേക്ഷത അംഗീകരിച്ച് രജിസ്ട്രേഷൻ നേടിയ രാഷ്ട്രീയപാർടികളിലെ അംഗങ്ങൾ ഇത് അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും എന്നാൽ, തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങൾ രാഷ്ട്രീയപാർടി സ്ഥാനാർഥികളാണെന്നതിനൊപ്പം പട്ടികജാതി ഹിന്ദുവിഭാഗത്തിൽ പെടുന്നവരാണെന്ന് നാമനിർദേശപത്രികയിൽ കാണിച്ചിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് വാദം.
എതിർകക്ഷികളുടെ നടപടി മതവും രാഷ്ട്രീയവും കലർത്തരുതെന്ന ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകൾക്കും സുപ്രീംകോടതി വിധികൾക്കും എതിരാണെന്നും ഹർജിക്കാർ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കി തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.