താലിബാന് ഭരണം തിരിച്ചുനൽകി അമേരിക്ക അഫ്ഗാനിസ്ഥാനിൽനിന്ന് നാണംകെട്ട് മടങ്ങുമ്പോൾ വിയറ്റ്നാം, ക്യൂബ, കൊറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ യാങ്കിപ്പടയ്ക്കുണ്ടായ തോൽവികൾ ലോകം ഓർക്കുകയാണ്. ക്യൂബയിലെ ബേ ഫാഫ് പിഗ്സിൽ അട്ടിമറിക്കാരെ ഇറക്കി അമേരിക്ക നടത്തിയ നീക്കം മണിക്കൂറുകൾകൊണ്ടാണ് ഫിദലും സഖാക്കളും തകർത്തത്. കൊറിയയിൽ യുഎന്നിന്റെ മുഖംമൂടിയിട്ട് വന്നിട്ടും അമേരിക്കൻ സഖ്യസേനയ്ക്ക് ഉത്തര കൊറിയയിലെ സോഷ്യലിസ്റ്റ് സർക്കാരിനെ വീഴ്ത്താനായില്ല. എന്നാൽ, ലോകം ഏറ്റവും വിസ്മയത്തോടെ കാണുന്നത് വിയറ്റ്നാമിൽ അമേരിക്കയ്ക്കുണ്ടായ തോൽവിയാണ്. പിന്നീട് ഇറാഖിലാണ് സമീപകാലത്ത് ലോകം അമേരിക്കയുടെ യുദ്ധക്കൊതി കണ്ടത്.
വിയറ്റ്നാം
രണ്ടാം ലോകയുദ്ധത്തിനുശേഷം ഹോച്ചിമിന്റെ നേതൃത്വത്തിൽ വടക്കൻ നഗരമായ ഹാനോയ് തലസ്ഥാനമായി വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക് പ്രഖ്യാപിച്ചു. എന്നാൽ, കൊളോണിയൽശക്തിയായ ഫ്രാൻസ് അധിനിവേശം തുടരാൻ 1949ൽ ബാവോ ദായിയെ തെക്കൻഭാഗത്ത് പാവഭരണാധികാരിയായി വാഴിച്ചു. ഫ്രഞ്ച് അധിനിവേശത്തിൽനിന്ന് വിയറ്റ്നാമിന്റെ പൂർണ മോചനത്തിന് ഹോച്ചിമിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ പോരാടി. 1954ൽ ഫ്രഞ്ച് സേന തോൽവി സമ്മതിച്ചു. അടുത്തവർഷം അമേരിക്ക തെക്കൻ പാവസർക്കാരിന് പിന്തുണയുമായി എത്തി. അതോടെ ആരംഭിച്ച അമേരിക്കൻ അധിനിവേശം 1975 മാർച്ചിലാണ് അവസാനിച്ചത്. അമേരിക്ക തോറ്റ് മടങ്ങിയപ്പോഴേക്ക് 58,000 യുഎസ് സൈനികർ മരിച്ചിരുന്നു. ഇതിന്റെ പലമടങ്ങ് സൈനികർക്ക് പരിക്കേറ്റു. അഞ്ച് ലക്ഷം വിയറ്റ്നാംകാരും കൊല്ലപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയെന്ന അമേരിക്കൻ അഹങ്കാരത്തിന്റെ പത്തി തകർക്കുന്നതായി വിയറ്റ്നാം ജനതയുടെ പോരാട്ടം.
ഇറാഖ്
ഇറാഖിൽ സദ്ദാം ഹുസൈന്റെ ഭരണം അട്ടിമറിക്കാനാണ് 2003 മാർച്ച് 20ന് യുഎസ് ആക്രമണം ആരംഭിച്ചത്. ഇറാഖിന് സർവനാശായുധങ്ങൾ ഉണ്ടെന്ന നുണ പ്രചരിപ്പിച്ചായിരുന്നു അധിനിവേശം. ഇത് തെറ്റാണെന്ന് തെളിഞ്ഞിട്ടും ഇതുവരെ അമേരിക്ക ക്ഷമാപണം നടത്തിയിട്ടില്ല. ഇറാഖിൽ ഐഎസിനെ സൃഷ്ടിച്ചതാണ് അമേരിക്കയുടെ ‘നേട്ടം’. ആദ്യ മൂന്നുവർഷത്തിനിടെ 6,00,000 ഇറാഖികൾ കൊല്ലപ്പെട്ടു. ആകെ 10 ലക്ഷം പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. ഇന്നും ഇറാഖ് സാധാരണനില കൈവരിച്ചിട്ടില്ല.
ആയിരങ്ങളുടെ ജീവൻ സഹസ്ര കോടികളുടെ കടം
കാബൂളിൽനിന്ന് അവസാനസംഘം സൈനികരെയും നയതന്ത്രജ്ഞരെയും അമേരിക്ക പിന്‍വലിച്ചു. 20 വര്‍ഷംമുമ്പ്, 2001 സെപ്തംബര്‍ 11ലെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിച്ച് തലകുനിച്ചു മടങ്ങുന്ന അമേരിക്കയെ ലോകം സസൂക്ഷ്മമാണ് വീക്ഷിക്കുന്നത്. ലക്ഷം കോടിയിലധികം ഡോളറുകൾ ചെലവാക്കിയിട്ടും പതിനായിരങ്ങള്‍ ജീവൻ നൽകിയിയിട്ടും അമേരിക്കയ്ക്ക് മുട്ടുകുത്തേണ്ടിവന്നു .
ജീവഹാനി (ഏപ്രിൽ വരെ)
●അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികര്‍: 2,461
●യുഎസ് കരാർ ഉദ്യോഗസ്ഥർ: 3,846
●അഫ്ഗാൻ ദേശീയ സൈന്യവും പൊലീസും: 66,000
●നാറ്റോ അംഗരാജ്യങ്ങളിൽനിന്നും മറ്റ് സഖ്യകക്ഷികളില്നിന്നുമുള്ള സൈനികരും അനുബന്ധ സേവകരും: 1,144
● സാധാരണ അഫ്ഗാൻ പൗരർ: 47,245
●താലിബാനും മറ്റ് വിമത സംഘാംഗങ്ങളും: 51,191
●സഹായ തൊഴിലാളികൾ: 444
●മാധ്യമപ്രവർത്തകർ: 72
യുഎസ് *അധിനിവേശത്തിനുശേഷം ഉണ്ടായ മാറ്റങ്ങള്‍
● യുഎസ്, നാറ്റോ സേനകൾ താലിബാൻ സർക്കാരിനെ അട്ടിമറിച്ചതിനുശേഷം ശിശുമരണ നിരക്ക് 50 ശതമാനത്തോളം കുറഞ്ഞു
●എഴുതാനും വായിക്കാനും കഴിയുന്ന അഫ്ഗാൻ പെൺകുട്ടികളുടെ ശതമാനം: 37
●2005ൽ വൈദ്യുതി അനുബന്ധ സേവനങ്ങള്‍ ലഭ്യമായ അഫ്ഗാനികള്‍: 22 ശതമാനം, 2019ൽ: 98.
നഷ്ടംമാത്രം ബാക്കി
●അഫ്ഗാനുവേണ്ടി ചെലവാക്കിയ യുഎസ് പണത്തിന്റെ ഭൂരിഭാഗവും കടമെടുത്തതായതിനാല്, ഭാവി അമേരിക്കൻ തലമുറകള്ക്കുമേലും ബാധ്യത.
●2020ലെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളിൽ അമേരിക്കയുടെ കടബാധ്യത 2 ലക്ഷം കോടി ഡോളറാണ്.
●2050 ആകുമ്പോഴേക്കും പലിശ ചെലവ്മാത്രം 6.5 ലക്ഷം കോടി ഡോളര്‍ വരും.
●യുദ്ധം അവസാനിപ്പിച്ച് അമേരിക്ക മടങ്ങിയെങ്കിലും ചെലവുകള്‍ അവസാനിക്കുന്നില്ല. 40 ലക്ഷത്തോളം അഫ്ഗാൻ, ഇറാഖ് സൈനികരുടെ ആരോഗ്യ പരിരക്ഷ, മറ്റ് ആവശ്യങ്ങള്‍, ശവസംസ്കാരം ഉള്‍പ്പെടെയുള്ള ചെലവുകൾക്കായി കുറഞ്ഞത് 2 ലക്ഷം കോടി ഡോളര്‍ അമേരിക്ക അധികമായി മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
● പലായനമടക്കം അഫ്ഗാൻ ജനതയെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടുകൂടിയാണ് അമേരിക്ക മടങ്ങുന്നത്.