ടോക്യോ
തുടർച്ചയായ രണ്ടാം പാരാലിമ്പിക്സിലും മെഡലണിഞ്ഞ് തങ്കവേലു മാരിയപ്പൻ. ടോക്യോയിൽ വെള്ളിയാണ് നേട്ടം. പുരുഷ ഹെെജമ്പ് ടി 63 വിഭാഗത്തിൽ 1.86 മീറ്റർ ചാടിയാണ് വെള്ളി നേടിയത്. 1.88 മീറ്ററിൽ അമേരിക്കയുടെ സാം ഗ്രീവ് സ്വർണം സ്വന്തമാക്കി. ഇന്ത്യയുടെതന്നെ ശരത് കുമാർ 1.83 മീറ്ററിൽ വെങ്കലവും കുറിച്ചു. മറ്റൊരു വെങ്കലംകൂടി ഇന്ത്യക്ക് ലഭിച്ചു. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സിങ് രാജ് അധാനയാണ് വെങ്കലം നൽകിയത്. ഇതോടെ ആകെ 10 മെഡലുകളായി ഇന്ത്യക്ക്. ഇതിൽ രണ്ട് സ്വർണവും ഉൾപ്പെടും. അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും.
റിയോ ഒളിമ്പിക്സിൽ പൊന്നണിഞ്ഞതാണ് മാരിയപ്പൻ. പാരാലിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ചതാരമാണ് ഇരുപത്താറുകാരൻ. തമിഴ്നാട്ടിലെ സേലം സ്വദേശിയായ മാരിയപ്പൻ 2016ലെ റിയോ ഒളിമ്പിക്സിലായിരുന്നു തകർപ്പൻ പ്രകടനം പുറത്തെടുത്തത്. മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരവും അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. മാരിയപ്പനെയും ശരത് കുമാറിനെയും കൂടാതെ വരുൺ സിങ് ഭാട്ടിയും ഹെെജമ്പിൽ മത്സരിച്ചിരുന്നു. 2016ലെ വെങ്കല മെഡൽ ജേതാവായ വരുണിന് ടോക്യോയിൽ ഏഴാമതെത്താനേ കഴിഞ്ഞുള്ളൂ.