കാബൂൾ
അമേരിക്കൻ –- നാറ്റോ സൈനിക പിന്മാറ്റത്തിനിടെയും കാബൂളിൽ ചൊവ്വാഴ്ച കുട്ടികൾ സ്കൂളുകളിലെത്തി. നാലു ദിവസം മുമ്പാണ് കുട്ടികളോട് സ്കൂളിലെത്താൻ താലിബാൻ അറിയിച്ചത്. അതേസമയം ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചാവും പഠിപ്പിക്കുകയെന്ന് താലിബാൻ അറിയിച്ചു. ചെറിയ ക്ലാസുകൾ ഒഴികെ മിക്ക സ്കൂളുകളിലും നിലവിൽ പഠനം അങ്ങനെയാണെന്നും താലിബാൻ പറഞ്ഞു.
വിവാഹാഘോഷത്തിൽ സംഗീതം
താലിബാൻ നിയന്ത്രണത്തിലും കാബൂളിലെ ആഡംബര വിവാഹ ഹാളിൽ സംഗീത വിരുന്നും ആഘോഷവും. രണ്ടാഴ്ചമുമ്പ് കാബൂൾ താലിബാൻ പിടിച്ചെടുത്തതിനുശേഷം ഏഴ് വിവാഹം ഹാളിൽ നടന്നതായി മാനേജർ ഷദാബ് അസിമി പറഞ്ഞു. 1996–-2001 വരെയുള്ള താലിബാൻ ഭരണത്തിൽ ഇസ്ലാമിക ഭക്തിഗാനങ്ങളൊഴികെയുള്ള സംഗീതം നിരോധിച്ചിരുന്നു. തത്സമയം പാടുന്നത് നിരോധിച്ചിരുന്നില്ലെന്നും അസിമി പറഞ്ഞു. എന്നാൽ, ഗായകർ ആരും ഭയംമൂലം പാടാൻ തയ്യാറായിരുന്നില്ല.
പരിപാടിക്കിടെ താലിബാൻകാർ പല തവണ പരിശോധനയ്ക്കെത്തി. സുരക്ഷ ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചു. മുമ്പ് ഉണ്ടായിരുന്ന സർക്കാരിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നു. അവരുടെ സുഹൃത്തുക്കളുടെ പരിപാടികൾ നിർബന്ധിച്ച് ഹാളിൽ നടത്തിയിരുന്നതായും അസിമി പറഞ്ഞു. താലിബാൻ നിയന്ത്രണത്തിലാകുന്നതിന് മുമ്പും അഫ്ഗാനിൽ വിവാഹാഘോഷം സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തയിടങ്ങളിലായിരുന്നു.