തിരുവനന്തപുരം
കോൺഗ്രസ് കലാപത്തിൽ അച്ചടക്ക വാളുമായിറങ്ങിയ പുതിയനേതൃത്വം അച്ചടക്ക നടപടിയിലും ഇരട്ടത്താപ്പു കാട്ടുന്നതായി വിമർശം. സുധാകരനും വി ഡി സതീശനും ജയ് വിളിക്കുന്നവർക്ക് അച്ചടക്കം ബാധകമല്ലേ എന്നാണ് ഇവർ സമൂഹ മാധ്യമങ്ങളിൽ ചോദിക്കുന്നത്. കെപിസിസി അധ്യക്ഷൻ എ, ഐ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. ഡിസിസി പട്ടികയെ വിമർശിച്ചാൽ ചവിട്ടിപ്പുറത്താക്കുന്ന അവസ്തയാണ്. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തെറിപറയാൻ നേതൃത്വം ചിലരെ ഇറക്കിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഉമ്മൻചാണ്ടിയോട് വേറെ പാർടിയുണ്ടാക്കാൻ പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താന് പൂച്ചെണ്ട് നൽകുന്നത്. കലാപത്തിന് ശ്രമിച്ചാൽ ഉമ്മൻചാണ്ടി കോൺഗ്രസിലേ ഉണ്ടാകില്ലെന്നാണ് ഉണ്ണിത്താന്റെ ഭീഷണി. ഈ വിഷയത്തിൽ ഹൈക്കമാൻഡിന് ലഭിക്കുന്ന പരാതികൾ കെ സി വേണുഗോപാൽ ഇടപെട്ട് നിർവീര്യമാക്കുകയാണ്. പ്രതികരിച്ച മുൻ എംഎൽഎമാരടക്കമുള്ളവരെ പുറത്താക്കാൻ അണിയറയിൽ പദ്ധതി ഒരുങ്ങുന്നതായും സൂചനയുണ്ട്. മുമ്പ് പൊതുവേദിയിൽ പാർടിക്കെതിരെ ഒന്നും പറയാത്തവരാണോ ഇപ്പോൾ അച്ചടക്ക വാളോങ്ങുന്നതെന്നും ചോദ്യമുണ്ട്.
ശിവദാസൻനായർക്കും അനിൽകുമാറിനും മാപ്പ് പറഞ്ഞ് തിരികെ വരാമെന്നാണ് കെ മുരളീധരൻ പറയുന്നത്. എന്നാൽ പാർടിയിൽനിന്ന് രാജിവച്ച എ വി ഗോപിനാഥിനെ തിരിച്ചെടുക്കാൻ ചർച്ച നടത്തുമെന്നും പറയുന്നു. ഇതിലും ഇരട്ടത്താപ്പ് പ്രകടമാണ്. അതേസമയം, എ വി ഗോപിനാഥിനെ ‘ചെരിപ്പു നക്കി’ എന്ന് അധിക്ഷേപിച്ച അനിൽ അക്കരയെ പോലുള്ളവരെ കയറൂരി വിടാനും നേതൃത്വം ശ്രമിക്കുന്നുണ്ട്.