തിരുവനന്തപുരം
വേണുഗോപാലുമായി ബന്ധമുള്ളവർക്കുമാത്രമാണ് ഡിസിസി പട്ടികയിൽ സ്ഥാനം ലഭിച്ചതെന്ന് പുറത്താക്കപ്പെട്ട കെപിസിസി മുൻ സെക്രട്ടറി പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാരണത്താലാണ് പാലക്കാട്ട് എ വി ഗോപിനാഥിന് പുറത്തുപോകേണ്ടി വന്നത്. കെ സി വേണുഗോപാലിന് രാഷ്ട്രീയ അഭയംകൊടുത്ത ആലപ്പുഴയിലെ പ്രസ്ഥാനത്തെപ്പോലും തകർക്കുകയാണ്.
പാലോട് രവിക്കെതിരെ നടപടി വേണമെന്നല്ല മറിച്ച് ‘റിവാർഡ്’ നൽകരുതെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കി. നെടുമങ്ങാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പംനിന്ന പ്രവർത്തകരെ ഫോണിൽ ഭീഷണിപ്പെടുത്തുകയും പാർടിയിൽ വിഭാഗീയതയുണ്ടാക്കുകയും ചെയ്ത നേതാവാണ് പാലോട് രവി. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെപിസിസി പ്രസിഡന്റെങ്കിൽ പാലോട് രവിക്ക് ഈ സ്ഥാനം നൽകില്ലായിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചശേഷം കെപിസിസി പ്രസിഡന്റ് വിളിച്ച് ‘ആത്മാർഥമായി കൂടെയുണ്ട്. ഞാൻ നോക്കിക്കോളാം’ എന്ന് പറഞ്ഞു. എ വി ഗോപിനാഥ് രാജിവച്ചതോടെ ആ പറഞ്ഞതിൽ കാര്യമില്ലെന്ന് മനസ്സിലായി. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് അവിടെ പോയി ഗോപിനാഥിന് വാക്ക് കൊടുത്തയാളാണ് സുധാകരൻ. പിണറായി സർക്കാരിന്റെ ഭരണം മികച്ചതായതുകൊണ്ടാണ് ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റിയതെന്നും പ്രശാന്ത് പറഞ്ഞു.