കോഴിക്കോട്
ഫെയ്സ്ബുക്കിൽ ഉമ്മൻചാണ്ടിക്കൊപ്പമുള്ള പടം പങ്കിട്ട ടി സിദ്ദിഖിന് എ ഗ്രൂപ്പുകാരുടെ പൊങ്കാല. ഉമ്മൻചാണ്ടിയെ ചതിച്ചെന്നും വഞ്ചകനെന്നും മറ്റും കടുത്ത ഭാഷയിലാണ് വിമർശം. സിദ്ദിഖ് എ ഗ്രൂപ്പിനെ തള്ളിയെന്നും ഉമ്മൻചാണ്ടിയുമായി അകന്നെന്നും വാർത്തകൾ സജീവമാകുന്നതിനിടയിലാണ് ഫോട്ടോ പങ്കിട്ടത്. ഇതേ പടം പ്രൊഫൈലുമാക്കി. താൻ വിശ്വസ്തനാണെന്നു കാട്ടാനായിരുന്നു നേതാവിനൊപ്പമുള്ള പടം.
എന്നാൽ, പടത്തിനടിയിൽ എ ഗ്രൂപ്പ് പ്രവർത്തകർ എണ്ണിയെണ്ണി ആക്ഷേപവും അമർഷവും രേഖപ്പെടുത്തുകയാണ്. വി ഡി സതീശനെ പിന്തുണച്ചതിന് വർക്കിങ് പ്രസിഡന്റ് പദം, ഇനി അടുത്ത ലക്ഷ്യമെന്താ നേതാവേ എന്ന പരിഹാസവുമുണ്ട്. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പിൽ കാലുമാറിയ സിദ്ദിഖ് ഇപ്പോൾ എ ഗ്രൂപ്പിനു പുറത്താണ്. രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാതെ വി ഡി സതീശനൊപ്പം ചേർന്നതോടെ ഉമ്മൻചാണ്ടിയുമായി പഴയ ബന്ധം നഷ്ടമായി. കോഴിക്കോട് ഡിസിസി പ്രസിഡന്റായി ഉമ്മൻചാണ്ടി നിർദേശിച്ച ബാലകൃഷ്ണ കിടാവിനെ സിദ്ദിഖ് വെട്ടുകയും ചെയ്തതോടെ എ ഗ്രൂപ്പ് പരസ്യപ്രതികരണത്തിന് നിർബന്ധിതമായി.
പതിനഞ്ചു വർഷമായി നിലനിർത്തിയ ജില്ല സിദ്ദിഖ് കാരണം ‘ഐ’ക്ക് ലഭിച്ചതിൽ എ ഗ്രൂപ്പ് നേതാക്കളിൽ പ്രതിഷേധമുണ്ട്. തനിക്ക് ഗ്രൂപ്പില്ലെന്ന സിദ്ദിഖിന്റെ വിശദീകരണവും പ്രതിഷേധത്തിന് ഇടയാക്കി. ഗ്രൂപ്പിന്റെ ബലത്തിൽ എംഎൽഎ ആയശേഷം ഇപ്പോൾ ഗ്രൂപ്പില്ലെന്നു പറയുന്നത് ആത്മവഞ്ചനയാണെന്ന് നേതാക്കൾ വിമർശിക്കുന്നു.