തിരുവനന്തപുരം
സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോമിന്റെ പരിശീലന മൊഡ്യൂളും വീഡിയോകളും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് നൽകി പ്രകാശനം ചെയ്തു. കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിലൂടെ നൽകിവരുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി ഈ വർഷം ആവിഷ്കരിച്ച ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്കൂളിൽ പൂർത്തിയാക്കി.
47 ലക്ഷം കുട്ടികൾക്കും 1.7 ലക്ഷം അധ്യാപകർക്കും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുംവിധവും ലോഗിൻ സൗകര്യമൊരുക്കുന്ന ജിസ്യൂട്ട് പ്ലാറ്റ്ഫോം ഗൂഗിൾ ഇന്ത്യയുമായി ചേർന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയത് സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ്.
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക് ക്ലാസ് പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യാനും മൂല്യനിർണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂർണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. കുട്ടികൾക്ക് പ്രത്യേക സ്റ്റോറേജ് ആവശ്യമില്ലാതെ തന്നെ മൊബൈൽ ഫോൺ വഴിയും പ്രയോജനപ്പെടുത്താവുന്ന വിധത്തിലും അപരിചിതരെ ക്ലാസുകളിൽ നുഴഞ്ഞുകയറാൻ അനുവദിക്കാത്ത തരത്തിലുമാണ് ജിസ്യൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ശേഖരിക്കുന്നില്ലെന്ന് മാത്രമല്ല പരസ്യങ്ങൾ പൂർണമായും ഒഴിവാക്കിയും ഡാറ്റയിന്മേൽ കൈറ്റിന് മാസ്റ്റർ കൺട്രോൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന രൂപത്തിലാണ് പ്ലാറ്റ്ഫോം. സ്കൂൾതലം മുതൽ സംസ്ഥാനതലംവരെ വിവിധ ക്ലാസുകൾ ക്രമീകരിക്കാനും അവ മോണിറ്റർ ചെയ്യാനും, വിവിധ റിപ്പോർട്ടുകൾ ശേഖരിക്കാനും കഴിയുന്ന ഒരു എൽഎംഎസ് (ലേണിങ് മാനേജ്മെന്റ് സിസ്റ്റം) ആയാണ് ജിസ്യൂട്ട് സജ്ജമാക്കിയിട്ടുള്ളത്. സെപ്തംബറിൽത്തന്നെ പത്തുലക്ഷത്തോളം കുട്ടികൾക്ക് ലോഗിൻ ചെയ്യാനുള്ള സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, കൈറ്റ് സിഇഒ കെ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായി.