തിരുവനന്തപുരം
ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലി കോൺഗ്രസിലെ ചേരിപ്പോര് താഴെത്തട്ടിൽ കത്തിപ്പടരവെ എ, ഐ ഗ്രൂപ്പ് നേതൃത്വം നിരാശരാകാതെ ബദൽനീക്കങ്ങൾക്ക് തന്ത്രം മെനയുന്നു. ഡിസിസി, കെപിസിസി പുനഃസംഘടനയിൽ സ്വാധീനമുറപ്പിച്ച് ആധിപത്യമുറപ്പിക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ തയ്യാറെടുപ്പ്. കോൺഗ്രസ് വിട്ട പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥനെ തിരികെ കൊണ്ടുവരാനുള്ള കെപിസിസി നീക്കത്തെ എ, ഐ ഗ്രൂപ്പുകൾ യോജിച്ച് എതിർത്തു.
ഡിസിസി, കെപിസിസി പുനഃസംഘടനയിൽ കെണിയിൽവീഴാതെ കരുത്തുകാട്ടാനുള്ള ആലോചനയിലാണ് എ, ഐ ഗ്രൂപ്പ് മാനേജർമാർ. പുതിയ ശാക്തിക ചേരിയിലേക്ക് ഗ്രൂപ്പുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും നീക്കം തുടങ്ങി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിശ്വസ്തരായ ഗ്രൂപ്പ് നേതാക്കളുമായി നിരന്തരം ചർച്ച നടത്തിവരികയാണ്.
അതേസമയം, പുനഃസംഘടനയുമായി മുന്നോട്ടുപോകാനുള്ള ഒരുക്കമാണ് മറുപക്ഷത്ത്. ഇതിന് കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതായാണ് പ്രചാരണം. പ്രതിസന്ധി രൂക്ഷമായിട്ടും ഹൈക്കമാൻഡിൽനിന്ന് ഒരാളും ഉമ്മൻചാണ്ടിയുമായോ ചെന്നിത്തലയുമായോ ആശയവിനിമയത്തിന് തയ്യാറായിട്ടില്ല. ഇതിലും ഇരുനേതാക്കളും ഖിന്നരാണ്.
ഡിസിസി പ്രസിഡന്റ് പട്ടികയിൽ പ്രതിഷേധിച്ച് കെപിസിസി ഓഫീസിനു മുന്നിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡും കരിങ്കൊടിയും
ഡയറി ഉയർത്തിക്കാട്ടിയത് ശരിയായില്ലെന്നു പറഞ്ഞ ഉമ്മൻചാണ്ടിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീണ്ടും രംഗത്തെത്തി. തന്റെ വിശ്വാസ്യത തെളിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന സുധാകരന്റെ വാദം ഉമ്മൻചാണ്ടിയുടെ വിശ്വാസ്യതയെയാണ് വെല്ലുവിളിച്ചത്.
അതിനിടെ, ഡിസിസി പ്രസിഡന്റ് നിയമനത്തിനെതിരെ കെപിസിസി ആസ്ഥാനത്ത് കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പ്രതിഷേധം ഇന്ദിരാഭവനു മുന്നിൽ ആദ്യമായിട്ടാണ്. പത്തനംതിട്ടയിലും മലപ്പുറത്തും ഡിസിസി ഓഫീസുകളിൽ നേരത്തേ കരിങ്കൊടി ഉയർന്നിരുന്നു. പുറത്താക്കിയ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വാർത്താസമ്മേളനത്തിൽ കടന്നാക്രമിച്ചു.
കപ്പിത്താൻ കപ്പൽ മുക്കുന്നു: ഷിബു ബേബിജോൺ
പ്രഹസനമാകുന്ന യുഡിഎഫ് യോഗത്തിലിരിക്കില്ലെന്ന് ആർഎസ്പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബിജോൺ പറഞ്ഞു. ആർഎസ്പിയുടെ ആവശ്യം കോൺഗ്രസ് പരിഗണിക്കുന്നില്ല. യുഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചിട്ടില്ല. കോൺഗ്രസുമായി ആറിനു നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും. യുഡിഎഫിന്റെ കപ്പിത്താൻ കോൺഗ്രസാണ്. എന്നാൽ, കപ്പിത്താൻ കപ്പൽ മുക്കുന്ന അവസ്ഥയാണ്. മുക്കുന്ന കപ്പലിൽ ആരെങ്കിലും നിൽക്കുമോ. നിലവിൽ യുഡിഎഫ് വിടുന്നതിനെക്കുറിച്ച് പാർടി ആലോചിച്ചിട്ടില്ല. എന്നാൽ, ഇന്നത്തെ യുഡിഎഫ് അന്തരീക്ഷത്തോട് എതിർപ്പുണ്ട്. ഉചിതമായ സമയത്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്നം കെ സി വേണുഗോപാൽ: പ്രശാന്ത്
കേരളത്തിൽ കോൺഗ്രസിലെ പ്രശ്നങ്ങളുടെ മൂലകാരണം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണെന്ന് പുറത്താക്കപ്പെട്ട കെപിസിസി മുൻ സെക്രട്ടറി പി എസ് പ്രശാന്ത്. എല്ലാ നേതാക്കൾക്കും ഒപ്പംനിന്ന് പാർടിയെ നശിപ്പിക്കുന്ന പുതിയ ഡിസിസി പ്രസിഡന്റ് പാലോട് രവി ‘കുമ്പിടി’ ആണ്. കോൺഗ്രസിലേക്ക് മടക്കമില്ല. മതേതര നിലപാട് ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനം തുടരും. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഭാര്യ ഭയപ്പെടുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.