കാബൂൾ
യുഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ടതും ചെലവേറിയതുമായ യുദ്ധം അവസാനിപ്പിച്ച് അമേരിക്ക അഫ്ഗാൻ മണ്ണിൽനിന്ന് തോറ്റുമടങ്ങി. താലിബാനെ ഭരണത്തിൽനിന്ന് ഇറക്കി 20 വർഷംമുമ്പ് ആരംഭിച്ച്, നാല് പ്രസിഡന്റുമാർ നയിച്ച യുദ്ധം അവസാനം അവർക്ക് ഭരണം തിരിച്ചേൽപ്പിച്ച് അവസാനിപ്പിക്കേണ്ടിവന്നു. 73 വിമാനവും ഹെലികോപ്റ്ററുകളും യുദ്ധോപകരണങ്ങളും കാബൂൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിച്ചാണ് പ്രഖ്യാപിത സമയത്തിന് മണിക്കൂറുകൾമുമ്പ് തിടുക്കത്തിൽ അമേരിക്കയുടെ പിന്മാറ്റം. വിമാനങ്ങളും മറ്റും ഉപയോഗശൂന്യമാക്കിയതായാണ് വിശദീകരണം.
സേനാതലവന്മാരുടെ ഒറ്റക്കെട്ടായ നിർദേശത്തെതുടർന്നാണ് ഒഴിപ്പിക്കൽ അവസാനിപ്പിച്ചതെന്നും അമേരിക്കൻ സൈനികരുടെ ജീവനും അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്നവരുടെ സുരക്ഷയ്ക്കും പിന്മാറ്റം അനിവാര്യമാണെന്നും പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ പറഞ്ഞു. 2500ഓളം അമേരിക്കൻ സൈനികരാണ് അഫ്ഗാൻ മണ്ണിൽ കൊല്ലപ്പെട്ടത്. കൂടാതെ അതിന്റെ ഇരട്ടിയോളം കരാർ ഉദ്യോഗസ്ഥരും മരിച്ചു.
തങ്ങളുടെ ഇരുനൂറോളം പൗരരെ രാജ്യത്ത് ശേഷിപ്പിച്ചാണ് അമേരിക്കയുടെ പിന്മാറ്റം. നൂറുകണക്കിന് ബ്രിട്ടീഷ് പൗരരും രാജ്യത്തുണ്ട്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പുനൽകിയതായി അമേരിക്ക തിങ്കളാഴ്ച പറഞ്ഞിരുന്നു. തിങ്കളാഴ്ച അർധരാത്രിക്ക് ഒരു മിനിറ്റുമുമ്പ് അമേരിക്കൻ സൈനികരുമായുള്ള അവസാന അഞ്ച് വിമാനവും പറന്നുയർന്നതോടെ താലിബാൻ നേതാക്കൾ പൂർണവിജയം പ്രഖ്യാപിച്ചു. പ്രത്യേക സേനാവിഭാഗം ‘ബദ്രി’യുടെ അകമ്പടിയോടെ വിമാനത്താവളത്തിനുള്ളിലേക്ക് നേതാക്കൾ പ്രകടനമായെത്തി. ലോകത്തെ ഏറ്റവും വലിയ ശക്തിയെ തുരത്തിയോടിച്ചതിന്റെ ആഹ്ലാദസൂചകമായി ആകാശത്തേക്ക് നിറയൊഴിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കുമെന്നും വിമാനത്താവളം അന്താരാഷ്ട്ര യാത്രികർക്കായി എത്രയുംവേഗം തുറക്കുമെന്നും പ്രഖ്യാപിച്ചു.
പൂർണസ്വാതന്ത്ര്യം നേടിയ അഫ്ഗാൻ ജനതയെ അനുമോദിക്കുന്നതായും രാജ്യത്തിന്റെ വികസനത്തിന് ലോകം സാക്ഷിയാകുമെന്നും മുതിർന്ന താലിബാൻ നേതാവ് ഷഹാബുദ്ദീൻ ദലവാർ പറഞ്ഞു. വിദേശത്തുള്ള സ്ഥാനപതികളോട് തിരികെ വരാൻ ആവശ്യപ്പെട്ടു. മുൻ സർക്കാരുമായും അമേരിക്കൻ–- നാറ്റോ സൈന്യവുമായും ചേർന്ന് പ്രവർത്തിച്ചവർക്ക് മാപ്പ് നൽകും.
താലിബാൻ ഉടൻ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന നേതാവ് ഹെക്മത്തുള്ള വസീഖ് പറഞ്ഞു. ജനങ്ങൾ ജോലിയിൽ തിരികെ എത്തണം. സാധാരണജീവിതം പതുക്കെ തിരികെക്കൊണ്ടുവരാനാകും.
യുഎസ് കൊന്നത് രാജ്യം വിടാൻ കാത്തിരുന്നവരെ
കഴിഞ്ഞ ദിവസം ഐഎസ്കെ ചാവേറുകളെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ മരിച്ചത് ഏഴു കുട്ടികളടക്കം പത്ത് അഫ്ഗാൻ സിവിലിയന്മാർ. സന്നദ്ധ സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന സെമാരി അഹമദിയും കുടുംബവുമാണ് കൊല്ലപ്പെട്ടത്. അഹമദി കാറിൽ വീട്ടിലെത്തിയ ഉടനാണ് മിസൈൽ പതിച്ചത്. രാജ്യം വിടാൻ അപേക്ഷ സമർപ്പിച്ച് അനുമതിക്ക് കാത്തിരിക്കുകയായിരുന്നു കുടുംബം. രണ്ട് ഐഎസുകാർ കൊല്ലപ്പെട്ടു എന്നാണ് ആദ്യം അമേരിക്ക അറിയിച്ചത്. സിവിലിയന്മാർ മരിച്ചെന്ന് പിന്നീട് സമ്മതിച്ചു.