നാണംകെട്ട കീഴടങ്ങൽ എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്കയുടെ ട്വീറ്റ്. “ടിവിയിലും റാലിയിലും താലിബാനെതിരെ നിലവിളിക്കുന്നു. താലിബാന്റെ പേരിൽ രാജ്യത്തെ വിഷലിപ്തമാക്കാൻ ശ്രമിക്കുന്നു. എന്നാലിപ്പോൾ അവർ സുഹൃത്തുക്കൾ ആകുകയാണ്.” പ്രിയങ്ക പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ മടങ്ങി വരവ്, സുരക്ഷ എന്നീ വിഷയങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലും ദോഹയിലെ താലിബാൻ വക്താവ് ഷേർ മുഹമ്മദ് അബ്ബാസും തമ്മിൽ ദോഹയിൽ വെച്ചാണ് ചർച്ച നടന്നത്.
താലിബാന്റെ ആവശ്യപ്രകാരമാണ് ചർച്ച നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷം നടക്കുന്ന ആദ്യത്തെ ചർച്ചയാണിത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ അഫ്ഗാനിലുള്ള സിഖുകാർക്കും ഹിന്ദുക്കൾക്കും ഇന്ത്യയിലേക്ക് മടങ്ങി വരാൻ താൽപര്യം ഉണ്ടെങ്കിൽ അതിന് അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അഫ്ഗാനിസ്ഥാൻ താവളമാക്കരുതെന്ന ആവശ്യവും താലിബാനു മുന്നിൽ ഇന്ത്യ വെച്ചിട്ടുണ്ട്. ഇവയെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാൻ വക്താവ് പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ എൻഐഎ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള 25 പേർ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ചിലർ മരിച്ചതായി വിവരമുണ്ട്. ചിലർ പാക്ക്-അഫ്ഗാൻ അതിർത്തിയിൽ ഉണ്ടെന്നാണ് സൂചന. കാബൂൾ ജയിലുകളിൽ ഉണ്ടായിരുന്ന ചിലർ മോചിപ്പിക്കപ്പെട്ടെന്നും സ്ഥിതിഗതികൾ രഹസ്യാന്വേഷണ ഏജൻസി പരിശോധിച്ചു വരികയാണെന്നും എൻഐഎ വ്യക്തമാക്കി.
അതേസമയം 20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാൻ നിന്നും യുഎസ് സൈന്യം പൂർണമായി പിന്മാറിയിരിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 12.59ന് അമേരിക്കൻ വിമാനമായ സി17 കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതോടെയാണ് അഫ്ഗാനിസ്ഥാനിലെ സേന പിന്മാറ്റം പൂർണമായത്.
കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ യുഎസിന്‍റെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കമുള്ള നൂറിലധികം പേരുണ്ടായിരുന്നു. കാബൂൾ വിമാനത്താവളത്തിന് സുരക്ഷാ ഭീഷണി നിലനിന്നിരുന്നതിനാൽ അവസാന വിമാനമാണ് പറന്നുയരുന്നതെന്ന സൂചന അമേരിക്ക നൽകിയിരുന്നില്ല. ഓഗസ്റ്റ് 31വരെ രക്ഷാദൗത്യം തുടരുമെന്നായിരുന്നു അമേരിക്ക മുൻപ് വ്യക്തമാക്കിയിരുന്നത്. അവസാന യുഎസ് സൈന്യവും അഫ്ഗാൻ വിട്ടതോടെ ചൊവ്വാഴ്ച പുലർച്ചെ വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്.
അമേരിക്കയുടെ അവസാന വിമാനവും കാബൂൾ വിട്ടതിന് പിന്നാലെ സന്തോഷം പങ്കുവച്ച താലിബാൻ ‘ചരിത്ര നിമിഷം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്‍റഗൺ പറഞ്ഞു.