മനാമ > താലിബാനുമായി ഇന്ത്യ ഖത്തര് തലസ്ഥാനമായ ദോഹയില് ചര്ച്ച നടത്തി. ഖത്തറിലെ ഇന്ത്യന് അംബാസഡര് ദീപക് മിത്തലും ദോഹയിലെ താലിബാന് പൊളിറ്റിക്കല് ഓഫീസ് മേധാവി ഷേര് മുഹമ്മദ് അബ്ബാസ് സ്റ്റെനക്സായ്യും ഇന്ത്യന് എംബസിയിലാണ് കൂടിക്കാഴ്ച നടത്തിയത്. കാബൂര് താലിബാനു കീഴിലായ ശേഷം ഇത് ആദ്യമായാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗികമായി നയതന്ത്ര ചര്ച്ച നടത്തുന്നത്.
അമേരിക്ക അഫ്ഗാന് പിന്മാറ്റം പൂര്ത്തിയാക്കുകയും കാബൂള് വിമാനതാവള നിയന്ത്രണം താലിബാന് ഏറ്റെടുക്കുകയും ചെയ്തതിനുപിന്നാലെയാണ് ഇന്ത്യയും താലിബാനും ചര്ച്ച നടത്തിയതെന്ന് ശ്രദ്ധേയമാണ്.
അഫ്ഗാനിസ്ഥാനില് കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷയും സുരക്ഷിതത്വവും തിരിച്ചുവരവും കേന്ദ്രീകരിച്ചായിരുന്നു ചര്ച്ചയെന്ന് ഇന്ത്യന് വിദേശ മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു. ഇന്ത്യയിലേക്ക് വരാന് ആഗ്രഹിക്കുന്ന ന്യൂനപക്ഷങ്ങള് ഉള്പ്പെടെ അഫ്ഗാന് പൗരന്മാരുടെ യാത്രയും ചര്ച്ചയില് വിഷയമായതായി മന്ത്രാലയം അറിയിച്ചു.
യുഎസ് സൈന്യം പിന്വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന് വിരുദ്ധ പ്രവര്ത്തനങ്ങള്ക്കും ഭീകരതയ്ക്കും ഒരു തരത്തിലും ഉപയോഗിക്കരുതെന്ന ആശങ്ക കൂടിക്കാഴ്ചയില് ഇന്ത്യന് അംബാസഡര് ഉയര്ത്തി. ഇന്ത്യയുടെ ആശങ്കകള് തീര്ച്ചയായും അഭിസംബോധന ചെയ്യുമെന്ന് താലിബാന് പ്രതിനിധി ഉറപ്പുനല്കിയതായി മന്ത്രാലയം പറഞ്ഞു. താലിബാന് അഭ്യര്ത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും വിദേശ മന്ത്രാലയം കൂട്ടിച്ചേര്ത്തു.
താലിബാന്റെ ചര്ച്ചാ സംഘത്തിലെ സുപ്രധാനിയും ഖത്തര് ആസ്ഥാനമായുള്ള നേതാക്കളില് മൂന്നാം സ്ഥാനക്കാരനുമാണ് അബ്ബാസ് സ്റ്റെനക്സായ്. 1980 കളില് വര്ഷങ്ങളോളം ദെഹ്റാഡൂണിലെ ഇന്ത്യന് മിലിട്ടറി അക്കാദമിയില് (ഐഎംഎ) അദ്ദേഹം പരിശീലനം നേടിയതാാണ് റിപ്പോര്ട്ടുകള്.
ഇന്ത്യ ഏഷ്യന് മേഖലയിലെ പ്രധാന രാജ്യമാണെന്നും അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണം ഇന്ത്യക്ക് ഭീഷണിയാകില്ലെന്നും താലിബാന് വക്താവ് സബിഹുല്ല മുജാഹിദ് കഴിഞ്ഞ ദിവസം ‘ഇന്ത്യ ടുഡേ’ക്ക് അനുവദിച്ച അഭിമുഖത്തില് പറഞ്ഞിരുന്നു. താലിബാന് കീഴില് രൂപീകരിച്ച പുതിയ സര്ക്കാര് ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും തങ്ങളുടെ പ്രവര്ത്തനം ഒരു ഭീഷണിയാകില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്കുന്നുവെന്നും താലിബാന് വക്താവ് പറഞ്ഞിരുന്നു.