ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയാണ് സുനീഷ ഒരു മാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചിരുന്നില്ല. വീട്ടുകാരെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ എറിഞ്ഞു പൊട്ടിച്ചെന്നും ദേവകി ആരോപിച്ചു.
Also Read:
സുനീഷ ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കോറോം സ്വദേശി വിജീഷിന്റെ ഭാര്യയാണ് സുനീഷ. ഭർത്താവും വീട്ടുകാരും മർദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി സുനീഷ ശബ്ദസന്ദേശം അയിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടിലെ ശുചിമുറിയിൽ ഞായറാഴ്ച വൈകിട്ടാണ് സുനീഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് സുനീഷ സഹോദരനെ വിളിച്ചു പറഞ്ഞിരുന്നു. ഭർതൃവീട്ടിൽ താൻ നിരന്തരം പീഡനത്തിന് ഇരയാകുന്നതായി സുനീഷ പറയുന്നുണ്ട്.
Also Read:
ഒന്നര വർഷം മുമ്പാണ് വിജീഷും സുനീഷയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായതിനാൽ ഇരു വീട്ടുകാരും തമ്മിൽ ബന്ധപ്പെട്ടിരുന്നില്ല. ഭർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സുനീഷയെ ഭർത്താവിന്റെ അമ്മയും അച്ഛനും നിരന്തരമായി ഉപദ്രവിച്ചിരുന്നു. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് സുനീഷ സഹോദരനോട് കരഞ്ഞു പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
മകൾ ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിന് ഇരയാകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുനീഷയുടെ അമ്മ ആഗസ്റ്റ് അഞ്ചിന് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. രണ്ട് കുടുംബങ്ങളെയും വിളിച്ചുവരുത്തി പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുനീഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, തങ്ങളുടെ പരാതി പോലീസ് അവഗണിക്കുന്നുവെന്നാണ് സുനീഷയുടെ കുടുംബത്തിന്റെ പരാതി. മരണ ശേഷം രേഖാമൂലം പരാതി നൽകിയിട്ടും അത് സ്വീകരിക്കാതെ നേരത്തെയുള്ള പരാതിയിൽ അന്വേഷണം മതിയെന്ന നിലപാടാണ് പോലീസിനുള്ളതെന്ന് കുടുംബം പറയുന്നു. സുനീഷയുടെ മരണത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ പറഞ്ഞു. യുവതിയുടെ വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിനു മുമ്പ് ഭർത്താവിന് യുവതി അയച്ചുവെന്ന് പറയപ്പെടുന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.