മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) പുതിയ ടീമിനായുള്ള ടെൻഡർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിൽ ഒരു ടീമിനായുള്ള ടെൻഡറാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
” ഐപിഎൽ 2022 സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള രണ്ട് പുതിയ ടീമുകളിൽ ഒന്ന് സ്വന്തമാക്കാനും പ്രവർത്തിക്കാനുമുള്ള അവകാശം നേടുന്നതിനുള്ള ടെൻഡറുകൾ ഐപിഎല്ലിന്റെ ഗവേണിംഗ് കൗൺസിൽ ക്ഷണിക്കുന്നു,” എന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ഇൻവിറ്റേഷൻ ടു ടെൻഡർ (ഐടിടി) രേഖ വാങ്ങുന്നതിനുള്ള അവസാന തീയതി ഒക്ടോബർ അഞ്ച് ആണ്.
“യോഗ്യതാ ആവശ്യകതകൾ, ടെൻഡർ സമർപ്പിക്കുന്നതിനുള്ള പ്രക്രിയ, നിർദ്ദിഷ്ട പുതിയ ടീമുകളുടെ അവകാശങ്ങൾ, ബാധ്യതകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഐടിടിയിൽ അടങ്ങിയിരിക്കുന്നു. റീഫണ്ട് ചെയ്യാത്ത ഫീസ് ആയ 10,00,000 രൂപയാണ് ഐടിടി രേഖകൾ ലഭിക്കാൻ സമർപിക്കേണ്ടത്. 2021 ഒക്ടോബർ അഞ്ച് വരെ ഐടിടി ലഭ്യമാണ്, ”ബിസിസിഐ വ്യക്തമാക്കി.
ടെൻഡർ സമർപ്പിക്കാൻ താൽപ്പര്യമുള്ള ഏതൊരു കക്ഷിയും ഐടിടി വാങ്ങേണ്ടതുണ്ട്. എന്നിരുന്നാലും, ഐടിടിയിൽ പറഞ്ഞിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം അനുയോജ്യരായവർക്ക് മാത്രമേ ലേലം വിളിക്കാൻ അർഹതയുള്ളൂ. ഐടിടിയിൽ പറഞ്ഞിരിക്കുന്ന മറ്റ് നിബന്ധനകൾക്കും വിധേയമായി മാത്രമേ ഈ അനുമതി നൽകുകയുള്ളൂ. ഐടിടി വാങ്ങുന്നതിലൂടെ ആർക്കും ലേലം വിളിക്കാൻ അർഹരാവാൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
“യാതൊരു കാരണവും നൽകാതെ ഏതെങ്കിലും വിധത്തിൽ ഏത് ഘട്ടത്തിലും ലേല പ്രക്രിയ റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ ഉള്ള അവകാശം ബിസിസിഐയിൽ നിക്ഷിപ്തമാണ്,” എന്നും പ്രസ്താവനയിൽ പറയുന്നു.
പുതിയ ടീമുകൾക്കായുള്ള ലേല പ്രക്രിയയിൽ പങ്കെടുക്കാൻ കൺസോർഷ്യങ്ങൾക്കും ബിഡിസിഐ അനുമതി നൽകുന്നു. പുതിയ ടീമുകൾക്ക് അഹമ്മദാബാദ്, ലക്നൗ, പൂനെ അടക്കമുള്ള നഗരങ്ങൾ വേദികളായി തിരഞ്ഞെടുക്കാനാവും. വലിയശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും ലക്നൗവിലെ ഏകാന സ്റ്റേഡിയവും പുതിയ ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
The post പുതിയ ഐപിഎൽ ടീമുകൾ; ടെൻഡർ നടപടി പ്രഖ്യാപിച്ച് ബിസിസിഐ appeared first on Indian Express Malayalam.