ജംഗിൾ ബുക്ക് അവിടെയിരിക്കട്ടെ. പക്ഷെ കാ എന്ന പാമ്പിനെ അനുസ്മരിപ്പിക്കും വിധം യമണ്ടൻ പാമ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. യുകെയിലെ കേംബ്രിഡ്‌ജ്‌ഷയറിൽ വഴിയരികിലെ ഒരു മരത്തിലാണ് 10 അടി നീളമുള്ള ഭീമൻ പെരുംപാമ്പിനെ കണ്ടെത്തിയത്. ബൈക്കിൽ യാത്ര ചെയ്യുന്ന ഒരാളാണ് റോഡിന് കുറുകെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് ആദ്യം കണ്ടത്. ഇഴഞ്ഞു അടുത്തുള്ള മരത്തിലേക്കാണ് ഭീമൻ പെരുമ്പാമ്പ് കയറിയത്.
ഉടനെ ചാരിറ്റി സംഘടനായ റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി റ്റു അനിമൽസ് (ആർഎസ്പിസിഎ) അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്ന് പ്രവർത്തകർ ഓടിയെത്തിയെങ്കിലും പാമ്പിന്റെ വലിപ്പം കണ്ട് ഞെട്ടി. “ഞാൻ അവിടെയെത്തിയപ്പോൾ ഈ പാമ്പ് എങ്ങനെ മരത്തിൽ കയറി എന്നത് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അത് ജംഗിൾ ബുക്കിനെ അനുസ്മരിപ്പിക്കുന്ന ഒരു രംഗമായിരുന്നു,” ആർഎസ്പിസിഎ ഉദ്യോഗസ്ഥൻ ജസ്റ്റിൻ സ്റ്റബ്സ് പറഞ്ഞു.
പാമ്പ് വളരെ വലുതും മരത്തിന്റെ ഒത്ത മുകളിലേക്ക് കയറുകയും ചെയ്തതുകൊണ്ട് ആർഎസ്പിസിഎയ്ക്ക് അഗ്നിശമന സേനയെ വിളിക്കേണ്ടി വന്നു. ചില മരക്കൊമ്പുകൾ നീക്കം ചെയ്തും, പാമ്പ് ഒരു ടാർപോളിനിൽ അപകടം ഏൽക്കാതെ വീഴാനും സൗകര്യമൊരുക്കി. നിലത്ത് വീണ ഭീമൻ പാമ്പിനെ ഒടുവിൽ പ്രാദേശിക വെറ്റിനറി ഡോക്ടറ്റർകൊണ്ട് പരിശോധിച്ച് പരിക്കില്ല എന്ന് മനസ്സിലാക്കിയതോടെ കാട്ടിലേക്ക് തുറന്ന് വിട്ടു.