മറ്റൊരു പാർട്ടിയിലേക്കുള്ള ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങിയാൽ മാത്രമല്ലേ അത് പറയാൻ സാധിക്കൂ. പലർക്കും പ്രതീക്ഷകളുണ്ടാകും. പഴയകാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ. എല്ലാവർക്കും എല്ലാം മനസിലാക്കാൻ കഴിയുന്ന അറിവും വിവേകവുമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിലേക്ക് തിരികെ പോകുമെന്നോ പോകില്ലെന്നോ പറയുന്നില്ല. ഞാൻ എന്ത് നിലാപാടാണ് സ്വീകരിക്കുന്നതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ചർച്ചകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ. ഇനിയെന്ത് വേണമെന്നുള്ളത് സമയമാകുമ്പോൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പലതവണ സുധാകരനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നും സംസാരിച്ചിരുന്നു. എന്നാൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നത്. സുധാകരൻ വിളിച്ചതുകൊണ്ടൊന്നും തീരുമാനം മാറ്റാൻ സാധിക്കില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളാണ് സുധാകരനുമായി സംസാരിച്ചത്. നിലവിൽ പാർട്ടി അംഗത്വമില്ലെങ്കിലും ഞാൻ പാർട്ടി അനുഭാവിയാണ്- എ വി ഗോപിനാഥ് വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വവുമായി തുടർ ചർച്ചകൾക്കുള്ള സാധ്യതകൾ നിഷേധിക്കുന്നില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനെതിരായ പ്രചാരണത്തിനില്ല. തുടർ ചർച്ചകൾക്കുള്ള സാധ്യത നിഷേധിക്കുന്നില്ല. നെഹ്റു കുടുംബം രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. നീ എന്തിനാണ് കോൺഗ്രസ് വിട്ടതെന്ന് കരുണാകരൻ്റെ ആത്‌മാവ് ചോദിച്ചാൽ ഞാൻ കോൺഗ്രസിൽ ചേരും. കോൺഗ്രസിനായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഗോപിനാഥ് പറഞ്ഞു.
എ വി ഗോപിനാഥിന്റേത് അടഞ്ഞ അധ്യായമല്ലെന്നും തിരികെ വരാമെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. തിരികെ വന്നാൽ അർഹിക്കുന്ന സ്ഥാനം നൽകുമെന്നും മുരളീധരൻ പറഞ്ഞു. ഗോപിനാഥിനെ കയ്യൊഴിയാൻ സാധിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്. പാലക്കാട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജിയെന്നും സുധാകരൻ പറഞ്ഞു. തിരികെ കോൺഗ്രസിൽ ചേരാൻ ഗോപിനാഥ് മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങൾ എന്താണെന്ന് ഇനിയും വ്യക്തമല്ല.
അതേസമയം സിപിഎമ്മുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഗോപിനാഥ് തിങ്കളാഴ്ച പറഞ്ഞു. കോൺഗ്രസിന്റെ പുതിയകാല പ്രവർത്തനങ്ങളോട് തനിക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. അതുകൊണ്ടാണ് മാറി നിൽക്കാൻ തീരുമാനിച്ചത്. രാജി വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കോൺഗ്രസിനെ നശിപ്പിക്കാൻ നടത്തുന്ന നീക്കമല്ല ഇത്. പെരിങ്ങോട്ടുകുറിശിയിലെ ഭരണം തുടരുമെന്നും അതിന് സിപിഎം പിന്തുണ ആവശ്യമില്ലെന്നും ഗോപിനാഥ് പറഞ്ഞു.
ഗോപിനാഥിനെ പാർട്ടിയിൽ എത്തിക്കാൻ സിപിഎം നീക്കം നടത്തുന്നുണ്ട്. കോൺഗ്രസിൽ നിന്നും രാജിവെച്ച ഗോപിനാഥിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ഗോപിനാഥിന്‍റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നു.