ടോക്യോ > പാരാലിമ്പിക്സ് ഹൈജംപ് പിറ്റിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടു മെഡൽ കൂടി. പുരുഷന്മാരുടെ ഹൈജംപ് ടി63 വിഭാഗത്തിലാണ് മാരിയപ്പൻ തങ്കവേലു വെള്ളിയും (1.86 മീറ്റർ) ശരദ് കുമാർ വെങ്കലവും (1.83 മീറ്റർ) നേടിയത്.
2016ൽ റിയോയിൽ ഹൈജംപിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിന്റെ രണ്ടാം പാരാലിമ്പിക്സ് മെഡലാണിത്. അവസാന റൗണ്ടിലാണ് മാരിയപ്പൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അവസാന ശ്രമത്തിൽ അമേരിക്കയുടെ സാം ഗ്രേവ് സ്വർണം നേടി. 2016 ൽ ലോകചാമ്പ്യനായിരുന്ന സാം ഗ്രേവിനെ മറികടന്നായിരുന്നു മാരിയപ്പന്റെ സ്വർണനേട്ടം.
നേരത്തെ പുരുഷന്മാരുടെ ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ ഇന്ത്യൻ ഷൂട്ടര്‍ സിങ്രാജ് അധാന വെങ്കലം നേടിയിരുന്നു. ഇതോടെ രണ്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം പത്ത് മെഡലുകളുമായി 30‐ാം സ്ഥാനത്താണ് ഇന്ത്യ.