തിരുവനന്തപുരം: കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയേയും ബാധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പരസ്യപ്രതികരണത്തിന് ഇല്ലായെന്ന് പറഞ്ഞെങ്കിലും ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസിനകത്തുള്ള പ്രതിസന്ധികൾ ഘടകകക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഷിബു ബേബി ജോൺ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചർച്ച ചെയ്യുമെന്ന് സുധാകരൻ വ്യക്തമാക്കി.
പാർട്ടിക്കെതിരേ വിമർശനമുന്നയിച്ച എ.വി. ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചർച്ചയ്ക്കായി പാലക്കാട്ടേക്ക് പോകില്ലെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ എത്തുമെന്നത് വ്യാമോഹം. ശിവദാസൻ നായർ നൽകിയ മറുപടി പരിശോധിക്കും. ഡയറി ഉയർത്തിക്കാട്ടിയ സംഭവത്തിൽഇനി വിവാദങ്ങൾക്കില്ലെന്നും സുധാകരൻ പറഞ്ഞു.
പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ പരസ്യവിമർശനവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ രംഗത്തുവന്നിരുന്നു. കോൺഗ്രസ് മുങ്ങുകയല്ലെന്നും കോൺഗ്രസ് നേതാക്കൾ പാർട്ടിയെ മുക്കുകയാണെന്നുമാണ് ഷിബു ബേബി ജോണിന്റെ വിമർശനം. രാജ്യത്ത് കോൺഗ്രസിന്റെ ആവശ്യം മനസ്സിലാക്കി തങ്ങൾ ഒപ്പം നിന്നതാണെന്നും എന്നാൽ കോൺഗ്രസ് നേതാക്കൾ ഇക്കാര്യം മനസ്സിലാക്കുന്നില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
Content Highlights:K Sudhakaran on crisis in Congress