തൃശൂർ> കേരള കലാമണ്ഡലം മുഖേന സംസ്ഥാന സർക്കാർ നൽകുന്ന കലാപുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ജീവനക്കാരുടെ ക്വാർട്ടേഴ്സ് സമുച്ചയ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം, നൃത്തക്കളരി ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു.
2019, 2020 വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം യഥാക്രമം വാഴേങ്കട വിജയൻ 2019ലും സദനം ബാലകൃഷ്ണൻ എന്നിവർക്ക് സമ്മാനിച്ചു. പല്ലാവൂർ അപ്പുമാരാർ പുരസ്കാരം മച്ചാട് രാമകൃഷ്ണൻ നായർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർക്കും നൃത്ത-നാട്യ പുരസ്കാരം ദമ്പതികളായ വി പി ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ, വിമലാമേനോൻ എന്നിവർക്കുമാണ് സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
തൃശൂർ സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി മന്ത്രി സജി ചെറിയാനും പെരുവനം കുട്ടൻ മാരാർ മന്ത്രി കെ രാധാകൃഷ്ണനും കലാമണ്ഡലത്തിന്റെ പുരസ്കാരങ്ങൾ സമ്മാനിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, ഡോ. എൻ ആർ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, ഉഷ നങ്യാർ, കെ രവീന്ദ്രനാഥ്, എ ഹരിദാസ്, സി കെ വേണുഗോപാൽ, ശ്രീനാഥ് എന്നിവർ സംസാരിച്ചു. വൈസ്ചാൻസിലർ ടി കെ നാരായണൻ സ്വാഗതവും ഭരണസമിതി അംഗം ടി കെ വാസു നന്ദിയും പറഞ്ഞു.