ഡോ. താര കെ. സൈമൺ
ന്യൂഡൽഹി:ആലുവ യു.സി. കോളേജ് പ്രിൻസിപ്പലായി ഡോ. താര കെ. സൈമണിനെ നിയമിക്കുന്നതിനെ ചോദ്യംചെയ്ത് മഹാത്മാഗാന്ധി സർവകലാശാല നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർവകലാശാല നടപടിയെ രൂക്ഷമായി വിമർശിച്ചു.
2018-ലാണ് ബോട്ടണി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. താരയെ പ്രിൻസിപ്പലായി നിയമിച്ചത്. നിയമനം ചോദ്യംചെയ്ത് മഹാത്മാഗാന്ധി സർവകലാശാലയും കോളേജ് മാനേജരും നൽകിയ ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. ഇതിനിടെ ഡോ. താരയ്ക്ക് അനുകൂലമായ ഹൈക്കോടതിവിധിക്ക് എതിരേ സർവ്വകലാശാല പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയതിന് എതിരേയാണ് സർവ്വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.
യു.ജി.സിയുടെ 2016-ലെ റെഗുലേഷൻ പ്രകാരമുള്ള യോഗ്യത താരയ്ക്ക് ഇല്ലെന്ന് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ സർവ്വകലാശാലയുടെ നടപടി ഡോ. താരയെ പീഡിപ്പിക്കാൻ ആണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സർവ്വകലാശാലയ്ക്ക് പിഴ ചുമത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി വിധി നടപ്പിലാക്കിയാൽ യുജിസി ചട്ടത്തിന് വിരുദ്ധമായ നിയമനമാകും അതെന്ന് സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ നാലോ അഞ്ചോ മാസത്തിനുള്ളിൽ ഡോ. താര വിരമിക്കുമെന്നും അവർ ദീർഘകാലമായി അധ്യാപിക ആയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ നിലവിൽ മറ്റൊരാൾ പ്രിൻസിപ്പലായി ചുമതല വഹിക്കുകയാണെന്ന് കോളേജ് മാനേജ്മെന്റ് കോടതിയെ അറിയിച്ചു എങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ചു.
സർവ്വകലാശാലയുടെ കേസ് വാദിക്കേണ്ടത് കോളേജ് അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.