പരസ്യ പ്രതികരണം നടത്താൻ പാടില്ലെന്ന സംഘടന തീരുമാനം ലംഘിക്കാൻ താൽപ്പര്യപ്പെടുന്നില്ല. സംഘടനയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ കെപിസിസി പ്രസിഡൻ്റ് മറുപടി നൽകും. എല്ലാ സംഘടനകൾക്കും ഒരു പൊതു ചട്ടക്കൂടുണ്ട്, അതിനുള്ളിൽ നിന്ന് വേണം എല്ലാവരും പ്രവർത്തിക്കാൻ. അതിന് കഴിയാതെ വരുമ്പോൾ ആണ് അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടി വരുന്നതെന്നും മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
എ വി ഗോപിനാഥിൻ്റെ അടക്കമുള്ള വിഷയങ്ങളിൽ കെപിസിസി പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കും. കോൺഗ്രസിൽ സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്. അതിൻ്റെ ആത്‌മവിശ്വാസം തങ്ങൾക്കുണ്ട്. ഇതൊരു പുതിയ രീതിയാണ്. അതിൻ്റെ ആത്‌മവിശ്വാസം ഞങ്ങൾക്കുണ്ട്. തുടർച്ചയായുണ്ടായ രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നും കേരളത്തിലെ യുഡിഎഫിനെയും കോൺഗ്രസിനെയും തിരികെ കൊണ്ട് വരുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഒരു പദ്ധതി ഞങ്ങൾക്കുണ്ട് ആ രീതിക്ക് കാര്യങ്ങൾ നടക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
“കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എ.കെ.ജി സെൻ്ററിൽ നിന്നും നിർദേശവും മാർഗനിർദേശവും നൽകേണ്ടതില്ല. സിപിഎമ്മിൽ എന്താണ് നടക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. എന്താണ് നടക്കുന്നത് എല്ലാവരും ആത്‌മപരിശോധന നടത്തണം. ഇപ്പോൾ ആലപ്പുഴയിൽ ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരെയും ഇഷ്ട്മില്ലാത്തവരെയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ട. കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം അതിന് എകെജി സെൻ്ററിൽ നിന്നുള്ള പ്രത്യേക ഉപദേശവും മാർഗനിർദേശവും ആവശ്യമില്ല” – എന്നും സതീശൻ പരിഹസിച്ചു.
ആർഎസ്പിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സതീശൻ പറഞ്ഞു. അതേസമയം, ആര്‍എസ്‍പി യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഷിബു ബേബി ജോൺ നടത്തിയത്. കോൺഗ്രസ് മുങ്ങുകയല്ലെന്നും കോൺഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ മുക്കുകയാണെന്നുമാണ് ഷിബു ബേബി ജോണിൻ്റെ വിമര്‍ശനം. രാജ്യത്ത് കോൺഗ്രസിൻ്റെ ആവശ്യം മനസ്സിലാക്കി തങ്ങള്‍ ഒപ്പം നന്നതാണെന്നും എന്നാൽ കോൺഗ്രസ് നേതാക്കള്‍ ഇക്കാര്യം മനസ്സിലാക്കുന്നില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
“കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല, പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പുറത്തു പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക?” ഷിബു ബേബി ജോൺ വ്യക്തമാക്കി. പാര്‍ട്ടി യുഡിഎഫ് വിടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. രാജ്യത്ത് കോൺഗ്രസിൻ്റെ പ്രാധാന്യം കോൺഗ്രസ് നേതാക്കള്‍ തന്നെ മനസ്സിലാക്കാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നാമാവശേഷമായെന്നും എന്നാൽ ഇവിടുത്തെ നേതാക്കള്‍ ഇതിൽ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്നും ഷിബു ബേബി ജോൺ വിമര്‍ശിച്ചു. അതേസമയം, കോൺഗ്രസിനു ഇനി രക്ഷയില്ലെന്നു താൻ കരുതുന്നില്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേര്‍ത്തു.