കാബൂൾ> കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിയ ചാവേറിനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമത്തിൽ ആറ് കുട്ടികളടക്കം ഒരു കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാബൂൾ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്ക് ശേഷം അമേരിക്ക നടത്തിയ രണ്ടാം പ്രത്യാക്രമണത്തിലാണ് കുട്ടികളടക്കമുള്ള സാധരണക്കാർ കൊല്ലപ്പെട്ടത്. രണ്ട് വയസുകാരി പെൺകുട്ടിയാണ് കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ഇവർക്ക് ഐഎസുമായി ബന്ധമില്ലായിരുന്നെന്ന് സമീപവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
കാബൂള്‍ വിമാനത്താവളത്തിൽ ആക്രമണം നടത്തിയ ഐഎസ്-ഖൊരാസന് ഭീകരസംഘടനയുടെ സൂത്രധാരനെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി ഞായറാഴ്ച അമേരിക്ക അവകാശപ്പെട്ടിരുന്നു. അതിന് പിന്നാലെ നടത്തിയ ആക്രമണത്തിലാണ് കുട്ടികളടക്കമുള്ളവർ കൊല്ലപ്പെട്ടത്. സാധരണക്കാർ കൊല്ലപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു.