ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന്‍ നല്‍കിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി നേരിൽ കണ്ട് അഭിനന്ദിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ കോണുകളിൽ നിന്ന് വിവാദം ആരംഭിച്ചത്.
വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തള്ളുകയാണെന്ന് പുഷ്പലത പറഞ്ഞു. “ഇത്രയും പേർക്ക് വാക്സിൻ നൽകിയതിൻ്റെ പേരിൽ ആരോഗ്യ മേഖലയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നതിൽ സങ്കടമുണ്ട്. വിമർശനം ഉന്നയിക്കുന്നവർക്ക് ആശുപത്രിയിലെത്തി പരിശോധിക്കാം. സാധാരണയായി നാനൂറിലധികം പേർക്ക് വാക്സിൻ നൽകാറുണ്ട്. കൂടുതൽ തിരക്ക് ഉണ്ടായിരുന്ന ദിവസമാണ് 893 പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. വാക്സിൻ സ്വീകരിക്കാൻ ആളുകൾ ഒന്നിന് പിന്നാലെ മറ്റൊരാൾ എന്ന രീതിയിൽ തയ്യാറായി നിൽക്കുന്നതിനാൽ സമയം നഷ്ടപ്പെടാറില്ല. കൂടുതൽ വാക്സിൻ നൽകിയ ദിവസം സംഭവിച്ചത് അത് തന്നെയാണ്. അല്ലാതെ റെക്കോർഡ് ലക്ഷ്യമാക്കിയല്ല വാക്സിൻ നാൽകിത്” – എന്നും പുഷ്പലത പറഞ്ഞു.
“ടീം വർക്കിൻ്റെ ഭാഗമായിട്ടാണ് ഇത്രയും പേർക്ക് വാക്സിൻ നൽകാൻ സാധിച്ചത്. എട്ട് പേരടങ്ങുന്ന സംഘമാണ് വാക്സിനേഷൻ സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ പിന്തുണയാണ് വാക്സിനേഷൻ വേഗത്തിലാക്കാൻ സഹായമായത്. പരാമാവധി വേഗത്തിലാണ് ജോലി ചെയ്യുന്നത്. സാധാരണ കൊവിൻ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാൻ സമയമെടുക്കാറുണ്ട്. അന്ന് പോർട്ടൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. ഉച്ചയ്ക്ക്ക് ആഹാരം കഴിക്കാനും ശുചിമുറിയിൽ പോകാനും കുറച്ച് സമയം ചെലവഴിച്ചതൊഴിച്ചാൽ മുഴുവൻ സമയവും വാക്സിനേഷൻ നടന്നു. ഒരാൾക്ക് കുത്തിവയ്ക്കാൻ 20 സെക്കൻഡ് വരെ മാത്രമേ വേണ്ടി വന്നുള്ളൂവെന്നാണ് പുഷ്പലത പറയുന്നത്. വാക്സീൻ നൽകി നല്ല പരിചയമുണ്ടായിരുന്നത് കൊണ്ട് ആശങ്കപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല” – എന്നും പുഷ്പലത വ്യക്തമാക്കി.
ആരോഗ്യമന്ത്രി പുഷ്പലതയെ അഭിനന്ദിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നൽകുന്ന നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ശാസ്ത്രീയമായ രീതിയിലല്ല ഇത്രയധികം പേർക്ക് വാക്സിൻ നൽകിയതെന്നുമായിരുന്നു പ്രധാന ആരോപണം. ഏഴര മണിക്കൂറിനുള്ളിൽ എങ്ങനെയാണ് ഒരാൾക്ക് ഇത്രയധികം വാക്സിൻ കുത്തിവെപ്പ് എടുക്കാൻ കഴിഞ്ഞതെന്ന ചോദ്യവും ഉയരുന്നുണ്ട്. നഴ്സിന് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും സമയം കിട്ടിക്കാണുമോ എന്ന ചോദ്യവും ശക്തമാണ്. 893 പേര്‍ക്ക് വാക്സിന്‍ നല്‍കിയത് മികച്ച കാര്യമാണെങ്കിലും എന്തെങ്കിലും തരത്തിലുള്ള പിഴവ് സംഭവിച്ചാൽ അഭിനന്ദിക്കാൻ തയ്യാറായി എത്തിയവർ ആ ഘത്തിലും ഒപ്പം ഉണ്ടാകുമോ എന്ന ചോദ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.