തിരുവനന്തപുരം: കെ.സി വേണുഗോപാലിനും പാലോട് രവിക്കുമെതിരേ ആഞ്ഞടിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പി.എസ് പ്രശാന്ത്. കെ.പി.സി.സി നൽകുന്നത് തെറ്റായ സന്ദേശമാണെന്നും ഇത്തരത്തിൽ സി.പി.എമ്മിനേപ്പോലെ അച്ചടക്കമുള്ള ഒരു പാർട്ടിയുമായി പോരാടി എത്രകാലം മുന്നോട്ട് പോകാൻ കഴിയുമെന്നും നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പ്രശാന്ത് ചോദിക്കുന്നു.
കെ.സി വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവർക്ക് മാത്രമാണ് ഡിസിസി പട്ടികയിൽ സ്ഥാനം ലഭിച്ചിരിക്കുന്നതെന്ന് പ്രശാന്ത് ആരോപിക്കുന്നു. കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളുടെ മൂലകാരണം വേണുഗോപാലാണ്. കെ.സിയോട് കൂറില്ലാത്ത ആർക്കും ഇടംകിട്ടില്ല. ഇക്കാരണത്താലാണ് പാലക്കാട് എ.വി ഗോപിനാഥിന് പുറത്ത് പോകേണ്ടി വന്നത്.
കെ.സുധാകരന് പോലും അദ്ദേഹത്തിന് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. പാലക്കാട് എ.തങ്കപ്പൻ ഡിസിസി അധ്യക്ഷനായത് കെ.സിയുടെ അടുത്തയാളായതിനാലാണെന്നും പ്രശാന്ത് ആരോപിച്ചു. താൻ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ഹൃദയവേദനയോടെയാണ് കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
പാലോട് രവിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രശാന്ത് ഉന്നയിക്കുന്നത്. പാലോട് രവിക്കെതിരേ നടപടി വേണമെന്നല്ല മറിച്ച് റിവാർഡ് നൽകരുതെന്നാണ് താൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കി. തനിക്ക് വേണ്ടി പ്രവർത്തിച്ച പ്രവർത്തകരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുന്ന നേതാവാണ് പാലോട് രവിയെന്നും പ്രശാന്ത് ആരോപിച്ചു.
താൻ മത്സരിച്ച് 50,000 വോട്ട് ലഭിച്ച മണ്ഡലത്തിൽ ഒരു പൊതുപരിപാടികളിലോ മറ്റ് ചടങ്ങുകളിലേക്കോ ക്ഷണിക്കപ്പെട്ടാൽ ക്ഷണിച്ചവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയാണ് പാലോട് രവിയും അനുയായികളും സ്വീകരിച്ചിരുന്നത്. രാഷ്ട്രീയ ജീവിതത്തേക്കാൾ അഭിനയമായിരുന്നു പാലോട് രവിക്ക് പറ്റിയതെന്നും സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഓസ്കാറും ഭരത് അവാർഡും കിട്ടേണ്ട വ്യക്തിയായിരുന്നു പാലോട് രവിയെന്നും പ്രശാന്ത് ആരോപിക്കുന്നു.
Content Highlights: PS Prasanth against Palode Ravi and KC venugopal