ടോക്യോ
പതിനൊന്നാംവയസ്സിൽ തളർന്നുപോയൊരു പെൺകുട്ടിയുടെ വീരോചിതമായ ഉയിർപ്പ്. പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതിയാണ് പത്തൊമ്പതുകാരി നേടിയത്. ഷൂട്ടിങ്ങിൽ ലോക റെക്കോഡിന് ഒപ്പമെത്തിയ പ്രകടനം. 2012ലായിരുന്നു ജീവിതം മാറ്റിമറിച്ച കാർ അപകടം. നട്ടെല്ലിനായിരുന്നു ഗുരുതര പരിക്ക്. ശരീരം തളർന്നെങ്കിലും തോറ്റുകൊടുക്കാൻ അച്ഛൻ തയ്യാറായില്ല. മകളെ നിരന്തരം പ്രോത്സാഹിപ്പിച്ചു. തുടക്കം അമ്പെയ്ത്തിൽ. ആറുവർഷമായി ഷൂട്ടിങ്ങിലേക്ക് മാറിയിട്ട്. രാജസ്ഥാനിലെ ജയ്പുരിൽനിന്നുള്ള പെൺകുട്ടിക്ക് കന്നി പാരാലിമ്പിക്സിൽ ചരിത്രമെഴുതാനായി.
പാരാലിമ്പിക്സിൽ ഇന്ത്യ ഇതുവരെ നേടിയത് ഇത്തവണത്തെ രണ്ട് സ്വർണമടക്കം ആറെണ്ണം മാത്രം. 1972ൽ നീന്തലിൽ മുരളീകാന്ത് പെറ്റ്കറാണ് ആദ്യസ്വർണക്കാരൻ. 2004ലും 2016ലും ജാവ്ലിൻ ത്രോയിൽ ദേവേന്ദ്ര ജജരിയ സ്വർണം നേടി. കഴിഞ്ഞതവണ ഹൈജമ്പിൽ മാരിയപ്പൻ തങ്കവേലുവിനും സ്വർണമുണ്ടായിരുന്നു. വനിതകളിൽ ദീപ മാലിക്കും (ഷോട്ട്പുട്ട് 2016) ഭവിനാബെൻ പട്ടേലും (2021 ടേബിൾ ടെന്നീസ്) വെള്ളിമെഡൽ നേടിയവരാണ്.