ടോക്യോ
ജാവ്ലിൻ വേദിയെ അമ്പരപ്പിക്കുന്ന ഏറുകളായിരുന്നു സുമിത് ആന്റലിന്റേത്. അഞ്ച് ഏറുകളിൽ മൂന്നും ലോക റെക്കോഡ്. കാൽ നഷ്ടപ്പെട്ടവരുടെ എഫ് 64 വിഭാഗത്തിൽ 2019ൽ സുമിത് സ്ഥാപിച്ച 62.88 മീറ്ററായിരുന്നു ലോക റെക്കോഡ്. ഫൈനലിൽ ആദ്യ ഏറുതന്നെ 66.95 മീറ്റർ കടന്നു. തൊട്ടടുത്ത ഏറിൽ ലോക റെക്കോഡ് വീണ്ടും പുതുക്കി 68.08 മീറ്റർ. മൂന്നാം ഏറ് അൽപ്പം കുറഞ്ഞു 65.27 മീറ്റർ. നാലാമത്തേത് 66.71 മീറ്റർ. അഞ്ചാം ഏറ് ചരിത്രം കുറിച്ച 68.55 മീറ്റർ.
ഒളിമ്പിക്സിൽ ജാവ്ലിൻത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്കൊപ്പം മാർച്ചിൽ പട്യാലയിൽ ഗ്രാൻ പ്രി മീറ്റിൽ മത്സരിച്ചിട്ടുണ്ട് ഹരിയാന സോനിപ്പത്തിൽനിന്നുള്ള ഇരുപത്തിരണ്ടുകാരൻ. നീരജ് അന്ന് 88.07 മീറ്ററിൽ ദേശീയ റെക്കോഡിട്ടു. സുമിത് 66.43 മീറ്ററോടെ ഏഴാമതായി.
2005ലുണ്ടായ മോട്ടോർ ബൈക്ക് അപകടത്തിലാണ് ഇടതുകാൽ നഷ്ടമായത്. മുട്ടിനുതാഴെ കൃത്രിമകാൽ ഘടിപ്പിച്ചാണ് മത്സരത്തിനിറങ്ങുന്നത്.