ടോക്യോ
ഒളിമ്പിക്സ് സ്വർണവുമായി നീരജ് ചോപ്ര കൊളുത്തിയ ആവേശം പടരുന്നു. ഭിന്നശേഷിക്കാരുടെ പാരാലിമ്പിക്സിൽ രണ്ടുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യക്ക് ഏഴ് മെഡലായി. പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്കാണ് കുതിപ്പ്. പുരുഷന്മാരുടെ ജാവ്ലിൻത്രോ എഫ് 64 വിഭാഗത്തിൽ സുമിത് ആന്റിൽ ലോക റെക്കോഡോടെ സ്വർണം നേടി. എറിഞ്ഞത് 68.55 മീറ്റർ. വനിതകളുടെ ഷൂട്ടിങ്ങിലാണ് രണ്ടാമത്തെ സ്വർണം. 10 മീറ്റർ എയർ റൈഫിൾ എസ്എച്ച്1 വിഭാഗത്തിൽ അവാനി ലേഖര ലോകറെക്കോഡിനൊപ്പമെത്തിയ പ്രകടനത്തോടെ (249.6) സ്വർണം വെടിവച്ചിട്ടു. പുതിയ പാരാലിമ്പിക്സ് റെക്കോഡാണ്. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പത്തൊമ്പതുകാരി.
ഡിസ്കസ്ത്രോ എഫ് 56 വിഭാഗത്തിൽ യോഗേഷ് കതൂനിയ 44.38 മീറ്റർ എറിഞ്ഞ് വെള്ളിമെഡൽ നേടി. എട്ടാം വയസ്സിൽ കൈകാലുകളുടെ മസിലുകൾ ശോഷിച്ചുപോയ ഇരുപത്തിനാലുകാരനുമുന്നിൽ ബ്രസീലിന്റെ ബാറ്റിസ്റ്റ സാന്റോസ് (45.59 മീറ്റർ) സ്വർണം നേടി. രണ്ടാമത്തെ വെള്ളി ജാവ്ലിൻത്രോ എഫ് 46 വിഭാഗത്തിൽ ദേവേന്ദ്ര ജജാരിയ കരസ്ഥമാക്കി. 64.35 മീറ്ററാണ് വെള്ളി ദൂരം. ദേവേന്ദ്രയുടെ മൂന്നാം പാരാലിമ്പിക്സ് മെഡലാണിത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ അത്ലീറ്റാണ്. ജോഗീന്ദർസിങ് ബേദിയാണ് മുമ്പ് മൂന്ന് മെഡൽ നേടിയിട്ടുള്ളത്. രണ്ടുതവണ ലോക ചാമ്പ്യനായിരുന്ന ഇന്ത്യയുടെ സുന്ദർസിങ് ഗുർജർ 64.01 മീറ്ററോടെ വെങ്കലം നേടി. ശ്രീലങ്കയുടെ ഡി പ്രിയന്ത 67.79 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കി.
കഴിഞ്ഞ ദിവസം ഭവിനാബെൻ പട്ടേൽ ടേബിൾടെന്നീസിലും നിഷാദ്കുമാർ ഹൈജമ്പിലും വെള്ളി നേടിയിരുന്നു. രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ45–-ാംസ്ഥാനത്തുനിന്ന് 26ലെത്തി. 2016 പാരാലിമ്പിക്സിൽ നേടിയ നാല് മെഡലായിരുന്നു ഒറ്റ ഗെയിംസിലെ ഏറ്റവും വലിയ നേട്ടം. പാരാലിമ്പിക്സ് ചരിത്രത്തിലാകെ ഇന്ത്യക്ക് 19 മെഡലായി.
ഗെയിംസിൽ 54 സ്വർണമടക്കം 119 മെഡലുമായി ചൈന ഓവറോൾ കിരീടത്തിലേക്ക് മുന്നേറുന്നു. ബ്രിട്ടൻ 26 സ്വർണമടക്കം 68 മെഡലുമായി രണ്ടാമതായി. റഷ്യൻ പാരാലിമ്പിക്സ് കമ്മിറ്റി മൂന്നും അമേരിക്ക നാലും സ്ഥാനത്താണ്.