കാബൂൾ
അമേരിക്കൻ–-നാറ്റോ സൈനിക പിന്മാറ്റവും ഒഴിപ്പിക്കൽ നടപടിയും ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, കാബൂൾ വിമാനത്താവളത്തിനുനേർക്ക് ഐഎസിന്റെ റോക്കറ്റ് ആക്രമണം. ആറ് കെറ്റ്യുഷ റോക്കറ്റ് തൊടുത്തതായി ഐഎസ് അറിയിച്ചു. വിമാനത്താവളത്തിന് മൂന്നുകിലോമീറ്റർ അകലെ സലിം കർവാൻ പ്രദേശത്തെ ജനവാസകേന്ദ്രത്തിലാണ് റോക്കറ്റുകൾ പതിച്ചത്. ആളപായം അറിവായിട്ടില്ല. വിമാനത്താവളം ലക്ഷ്യമാക്കിയുള്ള അഞ്ച് റോക്കറ്റ് തടഞ്ഞതായി അമേരിക്കൻ സൈനികവൃത്തങ്ങൾ അറിയിച്ചു. കാബൂളിലെ ചാഹ്രെ ഷഹീദ് പ്രദേശത്തുനിന്ന് ഭീകരർ ഉപയോഗിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെത്തി. ഇതിൽ ആറ് റോക്കറ്റ് ട്യൂബുമുണ്ടായിരുന്നു.
ആക്രമണത്തിനുശേഷവും വിമാനത്താവളംവഴി ആളുകളെ ഒഴിപ്പിക്കുന്നത് തുടർന്നു. 24 മണിക്കൂറിൽ 1200 പേരെ ഒഴിപ്പിച്ചതായി അമേരിക്ക അറിയിച്ചു. സഖ്യസേനാ വിമാനങ്ങളിൽ 50 പേരെയും ഒഴിപ്പിച്ചു. 31ന് ശേഷവും രേഖകൾ ഉള്ളവർക്ക് യാത്ര അനുവദിക്കുമെന്ന് താലിബാൻ സമ്മതിച്ചതായി അമേരിക്ക ഞായറാഴ്ച അറിയിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ, നാറ്റോ, 100 രാജ്യം എന്നിവ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലാണ് ഇത് പറഞ്ഞത്. തുടർ ആക്രമണങ്ങളെത്തുടർന്ന് താലിബാൻ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. രാജ്യത്തുനിന്ന് രക്ഷപ്പെടാൻ തിങ്കളാഴ്ചയും വിമാനത്താവളത്തിൽ വൻ ജനക്കൂട്ടമുണ്ടായി. ഇവരെ താലിബാൻകാർ തിരിച്ചയച്ചു. വിമാനത്താവളത്തിൽ പലയിടത്തുനിന്നും പുക ഉയർന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഇത് അമേരിക്കൻ സൈനികർ ആയുധങ്ങൾ കത്തിച്ചതാണെന്നാണ് അഭ്യൂഹം.കഴിഞ്ഞ ദിവസം ഐഎസ് ചാവേറുകളുടെ വാഹനം അമേരിക്ക ഡ്രോൺ ആക്രമണത്തിൽ തകർത്തിരുന്നു. ഇതിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പൗരന്മാർ മരിച്ചതായി താലിബാൻ അറിയിച്ചു. സിവിലിയന്മാർ മരിച്ചതായി അമേരിക്കയും അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, അതിർത്തിയിൽ അഫ്ഗാൻ പ്രദേശത്തുനിന്നുണ്ടായ വെടിവയ്പിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. പാക് സൈന്യം തിരിച്ചും വെടിവച്ചു. അഫ്ഗാനിലെ മസാരെ ഷരീഫ് നഗരത്തിലേക്ക് ലോകാരോഗ്യ സംഘടനയുടെ മരുന്നും ചികിത്സാ സാമഗ്രികളും എത്തിച്ചതായി പാകിസ്ഥാൻ പറഞ്ഞു.