തിരുവനന്തപുരം
ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ പൊട്ടിത്തെറി യുഡിഎഫിനെയും പിടിച്ചുലയ്ക്കുന്നു. മുസ്ലിംലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഷിബു ബേബിജോണും കോൺഗ്രസ് നിലപാടിനെതിരെ അമർഷം അറിയിച്ചതിനു പിന്നാലെ ആർഎസ്പി കടുത്ത നടപടിയുമായി രംഗത്തെത്തിയതോടെ യുഡിഎഫ് കൂട്ടക്കുഴപ്പത്തിലായി.
യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ ആർഎസ്പി തീരുമാനിച്ചപ്പോൾ സ്ഥാനങ്ങൾക്കുവേണ്ടിയുള്ള പരക്കംപാച്ചിൽ ജനം അംഗീകരിക്കില്ലെന്ന് തുറന്നടിച്ച് മുസ്ലിംലീഗും രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചെന്ന കോൺഗ്രസ് അന്വേഷണസമിതിയുടെ കുറ്റവിചാരണ നേരിടുന്ന ജോസഫ് പക്ഷം അമർഷം പരസ്യമാക്കിയിട്ടില്ല. കോൺഗ്രസ് ചേരിപ്പോരിനെ ഷിബു ബേബിജോൺ കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പരസ്യവിമർശം നടത്തിയത്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.
തെരഞ്ഞെടുപ്പുതോൽവി സംബന്ധിച്ച് യുഡിഎഫിൽ ഉഭയകക്ഷി ചർച്ച നടത്തണമെന്ന് നേരത്തേ ആർഎസ്പി ആവശ്യപ്പെട്ടിരുന്നു. 40 ദിവസംമുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഈ ആവശ്യമുന്നയിച്ച് ആർഎസ്പി കത്തും നൽകി. കോൺഗ്രസ് നേതൃത്വം ഇത് കാര്യമാക്കിയില്ല. തുടർന്നാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ആർഎസ്പി സെക്രട്ടറിയറ്റ് യോഗം നിലപാടെടുത്തത്. ആർഎസ്പിയുടെ പ്രതികരണത്തിനു പിറകെയാണ് പി എം എ സലാം കോൺഗ്രസ് നേതാക്കളെ വിമർശിച്ചത്. ലീഗിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനാൽ പ്രതികരണം മയപ്പെടുത്തിയെന്നു മാത്രം.
ഉമ്മൻചാണ്ടി–- -ചെന്നിത്തല വിഭാഗങ്ങളെ ഒതുക്കുന്നതിലുള്ള പ്രതിഷേധവും ആർഎസ്പിയുടെ അതൃപ്തിക്ക് പിന്നിലുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ സംസാരം. ആർഎസ്പിയെ യുഡിഎഫിൽ എത്തിക്കാൻ മുൻകൈയെടുത്തത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. ആർഎസ്പി നേതൃയോഗം ശനിയാഴ്ച വിളിച്ചിട്ടുണ്ട്.
ചെന്നിത്തലയ്ക്കായി എന്റെ തലപോയി: കെ പി ശ്രീകുമാർ
രമേശ് ചെന്നിത്തലയുടെ നോമിനിയെ പരിഗണിച്ചതിനാലാണ് തനിക്ക് ഡിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ പോയതെന്ന് കെ പി ശ്രീകുമാർ. ചെന്നിത്തല സീനിയറായ നേതാവാണ്. സ്വന്തം ജില്ലയിലെ അധ്യക്ഷസ്ഥാനം പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിൽ പരാതിപ്പെട്ടതോടെയാണ് ലിസ്റ്റിൽ മാറ്റം വന്നത്. ചെന്നിത്തലയുടെ പ്രശ്നം പരിഹരിച്ചപ്പോൾ എന്റെ തലപോയി–- അദ്ദേഹം പറഞ്ഞു.
വിളിക്കാത്ത ചാത്തത്തിന് ഉണ്ണാൻപോകാൻ പറ്റില്ല ; എ ഗ്രൂപ്പ് വിട്ട് തിരുവഞ്ചൂർ
എ ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും അറിയാറില്ലെന്നും വിളിക്കാത്ത ചാത്തത്തിന് ഉണ്ണാൻ പോകാൻ പറ്റുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിലെ തർക്കങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പട്ടികയെ കുറിച്ചുള്ള പരസ്യ പ്രതികരണം ശരിയല്ല. ഹൈക്കമാൻഡ് പട്ടികയെ എതിർക്കാൻ ഞാനില്ല. 365 ദിവസവും ഒരേപോലെ നിൽക്കുന്നതല്ല ഗ്രൂപ്പ് ചൂട്. ചിലപ്പോൾ അത് തണുത്തുപോകും. പുനഃസംഘടനയിൽ വീഴ്ചയില്ല. പരസ്പരം അമ്പെയ്ത് നശിക്കേണ്ടതില്ലെന്നും -തിരുവഞ്ചൂർ പറഞ്ഞു.
ജാതി വിവേചനത്തിന് തെളിവ്
ഡിസിസി പ്രസിഡന്റുമാരായി പട്ടിക വിഭാഗക്കാരെ പരിഗണിക്കാതിരുന്നത് കോൺഗ്രസിലെ ജാതി വിവേചനത്തിനു തെളിവാണെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ രാമഭദ്രൻ പറഞ്ഞു. സംവരണമണ്ഡലത്തിൽനിന്ന് എംപിമാരായവർ പോലും നേതൃത്വത്തിലേക്ക് ഒരു പട്ടിക വിഭാഗക്കാരനെ നിർദേശിക്കാതിരുന്നത് നന്ദികേടാണ്. പിന്നാക്ക സമുദായങ്ങൾ വിറകുവെട്ടികളും വെള്ളംകോരികളുമായി എക്കാലവും തുടരുമെന്ന് ധരിക്കരുത്. ദളിത് വിഭാഗങ്ങളോടുള്ള സമീപനം തിരുത്താൻ കോൺഗ്രസ് തയ്യാറല്ലെന്ന സന്ദേശമാണ് ഡിസിസി ഭാരവാഹിപ്പട്ടികയിലൂടെ പുറത്തു വന്നത്. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിമാറ്റി കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ല. വരും ദിവസങ്ങളിൽ കലാപം രൂക്ഷമാകുമെന്നും രാമഭദ്രൻ പറഞ്ഞു.