കോഴിക്കോട്
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ഗ്രൂപ്പ്വഴക്കിൽ മുസ്ലിംലീഗിന് അസ്വസ്ഥത. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിൽ രണ്ടാംനിരയിലൊതുങ്ങുന്നതിൽ ലീഗ് നേതൃത്വത്തിന് അസംതൃപ്തിയുണ്ട്. എന്നാൽ എല്ലാം ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് മാറിനിൽക്കാൻ നിർബന്ധിതമായിരിക്കയാണ് ലീഗ്. പതിറ്റാണ്ടിലധികം ‘ക്രൈസിസ് മാനേജരായി’ ഇടപെട്ട പി കെ കുഞ്ഞാലിക്കുട്ടിയും നിശ്ശബ്ദസാക്ഷിയാവുന്നു. കോൺഗ്രസ് കാര്യത്തിൽ തലയിടാൻ വയ്യാത്ത വിധം കുരുക്കിൽ ലീഗകപ്പെട്ടതിനാലാണ് വരമ്പത്തിരുന്നുള്ള കളികാണൽ. കാര്യങ്ങൾ തിരിഞ്ഞ് കുത്തുമോ എന്ന ഭീതിയുമുണ്ട്. .
ലീഗ് ഇടപെടേണ്ടതില്ലെന്ന് പി എം എ സലാം
കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ മുസ്ലിംലീഗ് ഇടപെടേണ്ട ആവശ്യമില്ലെന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം. കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ സദുദ്ദേശ്യത്തോടെയാണ് കാണുന്നത്. യുഡിഎഫ് ശക്തിപ്പെടണമെന്നാണ് ആഗ്രഹം. കോൺഗ്രസിലെ തർക്കങ്ങൾ മുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പേടി കുഞ്ഞാലിക്കുട്ടി വിരുദ്ധരുമായുള്ള അന്തർധാര
തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള തമ്മിലടി തീർക്കാനാകാത്ത പ്രതിസന്ധിയിലാണ് ലീഗ്. കുഞ്ഞാലിക്കുട്ടിയാണ് തോൽവിക്ക് കാരണമെന്ന ലീഗിലെ ഒരുവിഭാഗത്തിന്റെ ആരോപണം കെപിസിസി റിപ്പോർട്ടിലടക്കമുണ്ട്. ഇത് സ്വാഭാവികമായ കണ്ടെത്തലായല്ല ലീഗിലെ മറുവിഭാഗം കാണുന്നത്. കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ ഇഷ്ടക്കാരാണ് ഇപ്പോൾ കോൺഗ്രസ് തലപ്പത്ത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂടുതൽ അടുപ്പം എം കെ മുനീറും കെ എം ഷാജിയുമടക്കമുള്ളവരോടാണ്. കോൺഗ്രസിലേതിന് സമാനമായ നേതൃമാറ്റ ആവശ്യത്തിനുള്ള നീക്കം ലീഗിൽ കെട്ടടങ്ങിയിട്ടില്ല.
അടുത്തമാസം ചേരുന്ന പ്രവർത്തകസമിതിയിലെ ചർച്ചകളാകും വഴിത്തിരിവ്. അത്തരമൊരവസ്ഥയിൽ രമേശ് ചെന്നിത്തലയുടേതും ഉമ്മൻചാണ്ടിയുടേതുമല്ല, കോൺഗ്രസ് നേതൃത്വത്തിന്റെ താൽപ്പര്യമാകും ലീഗിലും നിർണായകമാവുക. ചെന്നിത്തലയും ഉമ്മൻചാണ്ടിയും തഴയപ്പെടുമ്പോൾ കുഞ്ഞാലിക്കുട്ടിയും നേതൃത്വവും നിസ്സഹായമാകുന്നതിന് പിന്നിൽ ലീഗിന്റെ ഈ ആഭ്യന്തരപ്രശ്നങ്ങൾ കൂടിയുണ്ട്