ന്യൂഡൽഹി
ഹരിയാനയിൽ പൊലീസ് ലാത്തിയടിയേറ്റ കര്ഷകന് മരിച്ചതോടെ ഉത്തരേന്ത്യയില് കര്ഷകരോഷം ആളിക്കത്തി. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ പ്രക്ഷോഭം തീവ്രമായി. ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തുമെന്ന് സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു.
ഹരിയാനയിൽ തിങ്കളാഴ്ച രണ്ടിടത്ത് കർഷകരോഷത്തെ തുടർന്ന് ബിജെപിക്ക് പൊതുപരിപാടി ഉപേക്ഷിക്കേണ്ടിവന്നു. കർണാലിലെ കര്ഷകവേട്ടയില് പ്രതിഷേധിച്ച് ഘരൻഡ ധാന്യചന്തയിൽ കിസാൻമോർച്ചയുടെ മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ പങ്കാളിയായി. ലാത്തിച്ചാർജിന് ഉത്തരവിട്ട സബ് ഡിവിഷണൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയെ സർവീസിൽനിന്ന് പുറത്താക്കണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. നടപടിയെടുക്കാൻ സെപ്തംബർ ആറുവരെ സർക്കാരിന് സമയംനല്കി.
അതേസമയം, എസ്ഡിഎമ്മിനെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ന്യായീകരിച്ചു. എസ്ഡിഎമ്മിന്റെ വാക്കുകൾ തെറ്റായി പോയെങ്കിലും ക്രമസമാധാനം പാലിക്കാൻ കാർക്കശ്യം ആവശ്യമാണ്. ഹരിയാനയിൽ കർഷകരെ ഇളക്കിവിടുന്നത് പഞ്ചാബ് സർക്കാരാണെന്നും ഖട്ടര് പരാതിപ്പെട്ടു.
കർഷകരെ തല്ലിച്ചതയ്ക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ന്യായീകരിച്ചത് ഞെട്ടിപ്പിച്ചെന്ന് കിസാൻ മോർച്ച പ്രസ്താവിച്ചു. സത്യപാൽ മാലിക്ക് അടക്കം ബിജെപി നേതാക്കൾ ലാത്തിയടിയെ വിമർശിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ബിജെപിക്കും ബിജെപി നേതാക്കൾക്കുമെതിരായ പ്രതിഷേധം തുടരും. കിസാൻ മോർച്ച ഉത്തരാഖണ്ഡിൽ ഏകോപന സമിതിയുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളിലും ഘടകങ്ങൾക്ക് രൂപംനൽകും. സെപ്തംബർ അഞ്ചിന് യുപിയിലെ മുസഫർനഗറിൽ പ്രഖ്യാപിച്ചിട്ടുള്ള മഹാപഞ്ചായത്തിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. ലക്ഷക്കണക്കിന് കർഷകർ അണിനിരക്കും–- കിസാൻ മോർച്ച അറിയിച്ചു.