കോഴിക്കോട് > സസ്പെൻഡ് ചെയ്തതിനെതിരെ എഐസിസിക്ക് പരാതിയുമായി കെ പി അനിൽകുമാർ. അച്ചടക്ക നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കാണ് പരാതി അയച്ചത്.
നിരാശരായി പാർട്ടി വിടാനൊരുങ്ങുന്ന പ്രവർത്തകരുടെ വികാരമാണ് പ്രകടിപ്പിച്ചത്. അതിപ്പോൾ യാഥാർഥ്യമായി. താൻ പറഞ്ഞത് പാർട്ടിയെ പൊതുജനമധ്യത്തിൽ പരിഹസിക്കാനല്ല. എഐസിസി അംഗം, കെപിസിസി ജനറൽ സെക്രട്ടറി, നിർവ്വാഹകസമിതി അംഗം എന്നീ പദവികളുള്ള തന്നെ ഏത് പദവിയിൽ നിന്നാണ് സസ്പെൻഡ് ചെയ്തതെന്നും വ്യക്തമല്ല. എഐസിസി അംഗത്തിനെതിരായ അച്ചടക്ക നടപടിക്ക് പ്രസിഡന്റിനേ അവകാശമുള്ളു. നടപടിക്രമങ്ങളോ വിശദീകരണമോ ചോദിക്കാതെയാണ് നടപടി.
സസ്പെൻഷൻ പിൻവലിക്കണമെന്ന് അനിൽകുമാർ പരാതിയിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിനെതിരെ വാർത്താചാനലിൽ പ്രതികരിച്ച അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തതായി കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് പ്രഖ്യാപിച്ചത്.