തിരുവനന്തപുരം > കോവിഡ് ബാധിച്ച് വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് അനുബന്ധരോഗമുള്ളവർപോലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന സാഹചര്യമുണ്ട്. ഇത് മരണത്തിന് വഴിവക്കും. ആരോഗ്യം മോശമായാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറണമെന്നും ഫെയ്സ്ബുക്കിൽ ലൈവിൽ മന്ത്രി പറഞ്ഞു.
ചെറിയ തലവേദനപോലും അവഗണിക്കരുത്. സ്വയം ചികിത്സിച്ചാൽ പിന്നീട് ലക്ഷണങ്ങൾ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക് പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന് ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റ ശസ്ത്രക്രിയക്കുള്ള പ്രത്യേക സംവിധാനവും ക്ലിനിക്കും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. എല്ലാവരും വാക്സിനെടുത്ത് സ്വയം സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ വിവിധ സംശയങ്ങൾക്കും ആവശ്യങ്ങൾക്കും മന്ത്രി മറുപടി നൽകി.