തിരുവനന്തപുരം > ഡിസിസി അധ്യക്ഷരുടെ പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ കോൺഗ്രസിലെ പൊട്ടിത്തെറി തടുക്കാൻ യുഡിഎഫ് പത്രമായ മനോരമ നടത്തിയ അവസാന ശ്രമവും പാളി. ഞായറാഴ്ച പത്രമിറങ്ങി മണിക്കൂറുകൾക്കകം മനോരമയെ വിശ്വസ്തനായ ഉമ്മൻചാണ്ടി തന്നെ തള്ളി. കലാപത്തിന് തിരിയും കൊളുത്തി. പിന്നാലെ ചെന്നിത്തലയും പൊട്ടിത്തെറിച്ചു.
‘ഗ്രൂപ്പുകൾക്ക് തൃപ്തിപോര, പക്ഷെ, കലാപത്തിനില്ല ’ എന്ന തലക്കെട്ടോടെയാണ് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും മനോരമ വ്യക്തമായ സന്ദേശം നൽകിയത്. എല്ലാം ‘കോംപ്ലിമെന്റ്സാക്കി ’ ഇനി ആരും കുഴപ്പമുണ്ടാക്കണ്ട എന്ന നിർദേശമായിരുന്നു രാഷ്ട്രീയ ലേഖകന്റേത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് ഡിസിസി അധ്യക്ഷരെ ഉമ്മൻചാണ്ടിക്ക് നൽകിയ ലേഖകൻ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവ ചെന്നിത്തലയ്ക്കും നൽകി.
‘ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ലല്ലോ ’ എന്നായിരുന്നു ഞായറാഴ്ച രാവിലെ ഇരുനേതാക്കളും പ്രതികരിച്ചത്. ‘തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു’ എന്ന് ഉമ്മൻചാണ്ടി പറഞ്ഞത് മനോരമയെ ഉദ്ദേശിച്ചാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.