കൊച്ചി > കാലങ്ങളായി കൈവശംവച്ചിരുന്ന ഡിസിസി അധ്യക്ഷസ്ഥാനം വി ഡി സതീശൻ സ്വന്തം ‘വി’ ഗ്രൂപ്പിന്റെ അക്കൗണ്ടിലാക്കിയതിന്റെ അമർഷത്തിലാണ് ജില്ലയിലെ ഐ ഗ്രൂപ്പ്. സതീശനും സുധാകരനും പി ടി തോമസുംചേർന്ന് ഉമ്മൻചാണ്ടിയെ ഗ്രൂപ്പുനേതാവാക്കി ഒതുക്കിയതിൽ എ വിഭാഗത്തിലും പ്രതിഷേധം.
വർഷങ്ങളായി ഐ ഗ്രൂപ്പിനാണ് എറണാകുളം ഡിസിസി അധ്യക്ഷസ്ഥാനം. ഐ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെ തഴഞ്ഞ് തന്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസിനെ പ്രസിഡന്റാക്കാൻ സതീശൻ ചരടുവലിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായ ഐ കെ രാജുവിന്റെയും എ ഗ്രൂപ്പിലെ അബ്ദുൾ മുത്തലിബിന്റെയും പേരുകൾ സതീശൻ എഴുതിവച്ചെങ്കിലും ഡൽഹിയിൽ ചരടുവലിച്ചത് സ്വന്തം ഗ്രൂപ്പുകാരനുവേണ്ടി. സതീശൻ പ്രതിപക്ഷ നേതാവായതോടെ ഡിസിസി തന്റെ നിയന്ത്രണത്തിലാക്കാനായിരുന്നു ഈ നടപടി.
നിലവിൽ വൈസ് പ്രസിഡന്റായ മുഹമ്മദ് ഷിയാസ് എക്കാലത്തും സതീശന്റെ വിശ്വസ്തനാണ്. സതീശൻ ദീർഘകാലം പറവൂർ എംഎൽഎയാണെങ്കിലും ഡിസിസിയുടെ ചുക്കാൻ ഐ ഗ്രൂപ്പിലെ ഹൈബി ഈഡന്റെയും ടി ജെ വിനോദിന്റെയും നിയന്ത്രണത്തിലായിരുന്നു. അത് നിയന്ത്രണത്തിലാക്കുകയാണ് സതീശന്റെ ലക്ഷ്യം.
ടി ജെ വിനോദ് ഡിസിസി പ്രസിഡന്റായിരിക്കെ ഓഫീസ് കൈകാര്യം ചെയ്തത് ഷിയാസാണ് എന്ന യോഗ്യത മാത്രമാണ് സജീവപ്രവർത്തകരായ മറ്റ് നേതാക്കളെ തഴയാൻ സതീശൻ കണ്ടെത്തിയ ന്യായം. എൻ വേണുഗോപാൽ, അജയ് തറയിൽ, ഐ കെ രാജു, ദീപ്തി മേരി തുടങ്ങിയവരേക്കാൾ എന്ത് യോഗ്യതയാണ് ഷിയാസിനെന്നാണ് ഐ ഗ്രൂപ്പിലെ ചർച്ച.
സതീശന്റെ ചതിക്കെതിരെ ആദ്യ വെടിപൊട്ടിച്ച രമേശ് ചെന്നിത്തലയുടെ തുടർനീക്കം അറിഞ്ഞശേഷമാകും ജില്ലയിലെ ഐ ഗ്രൂപ്പിന്റെ ഭാവിപ്രവർത്തനം. തൽക്കാലം ഹൈബി ഈഡൻ, ടി ജെ വിനോദ് എന്നിവരുടെ പിന്തുണയോടെ ഐ ഗ്രൂപ്പ് നേതാക്കളെയും പ്രവർത്തകരെയും അനുനയിപ്പിക്കാനും സതീശൻ ശ്രമിക്കുന്നുണ്ട്.
വീതംവയ്പിൽ നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ സതീശനും സുധാകരനുമെതിരെ എ ഗ്രൂപ്പിൽനിന്ന് കെ ബാബുവും ബെന്നി ബഹനാനും രംഗത്തുവന്നു. അവസരം വന്നപ്പോൾ എ ഗ്രൂപ്പിനെ തകർക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് പി ടി തോമസ് കരുക്കൾ നീക്കിയതാണ് കെ ബാബുവിനെ പ്രകോപിപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തരിലൊരാളായിരുന്ന പി ടി തോമസ് പുതിയ ഗ്രൂപ്പിലേക്ക് കളംമാറിയതോടെ എ ഗ്രൂപ്പിനുള്ളിലും ഭിന്നത ശക്തമാകും.
നേതാക്കളെ ഒഴിവാക്കി പച്ചപിടിക്കാനാകില്ല: കെ ബാബു
കൊച്ചി > ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ചർച്ചചെയ്ത് വഷളാക്കിയെന്നും ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒഴിവാക്കി കോൺഗ്രസിന് പച്ചപിടിക്കാനാകില്ലെന്നും കെ ബാബു എംഎൽഎ പറഞ്ഞു.
വിശദീകരണം ചോദിക്കുന്നതാണ് സംഘടനാ മര്യാദ. അതിനുപകരം വെട്ടിനിരത്തുന്നതാണോ കേഡർ പാർടി സ്വഭാവം?. പാർടി കാര്യങ്ങൾ പൊതുജനമധ്യത്തിൽ ചർച്ചയാക്കാത്ത ഉമ്മൻചാണ്ടി ഇക്കാര്യത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടെന്ന് ആലോചിക്കണം. ഗ്രൂപ്പ് ഇല്ലെന്നാണെങ്കിൽ അതിന് അതീതമായ പട്ടികയാണെന്ന് ബോധ്യപ്പെടണം. ഹൈക്കമാൻഡ് പട്ടികയോട് ആർക്കും തർക്കമില്ല. ഒരു അവസരം ലഭിക്കുമ്പോൾ പാർടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അതിനുപകരം വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളല്ല നടത്തേണ്ടത്–- ബാബു പറഞ്ഞു.
ചർച്ച നടത്തിയില്ലെന്നത് വസ്തുതാവിരുദ്ധം: പി ടി തോമസ്
കൊച്ചി > ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയില്ലെന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് പി ടി തോമസ്.
വേണ്ടതുപോലെ ചർച്ച നടത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കെപിസിസി അധ്യക്ഷൻ നേരിട്ട് രണ്ട് നേതാക്കളുമായി ചർച്ച നടത്തി. ഗ്രൂപ്പിനേക്കാൾ പ്രാധാന്യം സംഘടനയ്ക്ക് നൽകിയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നും പി ടി തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചർച്ച നടന്നില്ല: ബെന്നി ബഹനാൻ
കൊച്ചി > കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരെ തീരുമാനിക്കുംമുമ്പ് ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വിശദമായി ചർച്ചചെയ്തെന്ന നേതൃത്വത്തിന്റെ വാദം ശരിയല്ലെന്ന് ബെന്നി ബഹനാൻ എംപി. പട്ടിക ഹൈക്കമാൻഡിന് നൽകുംമുമ്പ് ചർച്ച നടന്നില്ല. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഗ്രൂപ്പുനേതാക്കൾ മാത്രമാക്കി ഒതുക്കി. പരസ്യപ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടിയെടുത്തത് വിശദീകരണംപോലും ചോദിക്കാതെയാണെന്നും ബെന്നി ബഹനാൻ എംപി പറഞ്ഞു.
ഉറപ്പ് ലംഘിച്ചു: എ വി ഗോപിനാഥ്
പാലക്കാട് > നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഉമ്മൻചാണ്ടിയും കെ സുധാകരനും നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് പറഞ്ഞു. എന്തുകൊണ്ട് ഉറപ്പ് പാലിച്ചില്ലെന്ന് അറിയില്ല. പ്രായാധിക്യംകൊണ്ട് മറന്നതാണോ എന്നും അറിയില്ല.ജനങ്ങൾ, കോൺഗ്രസ് പ്രവർത്തകർ എന്നിവരുടെ പിന്തുണയാണ് തന്നെ നയിക്കുന്നത്. അവരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനങ്ങളുണ്ടാകും. കോൺഗ്രസിനെ നയിക്കാൻ പറ്റിയതാരാണെന്ന് പഠിച്ചിട്ടാകാം ഹൈക്കമാൻഡ് തീരുമാനം. തിങ്കളാഴ്ച കൂടുതൽ കാര്യങ്ങൾ പറയുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
വളരെയേറെ വേദന: കെ സി ജോസഫ്
കോട്ടയം > മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചിരുന്നെങ്കിൽ തർക്കങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റുമാർ എന്നിവരുമായി കേരള നേതൃത്വം സമവായം ഉണ്ടാക്കേണ്ടിയിരുന്നു. വ്യത്യസ്ത പേരുകൾ ഒഴിവാക്കാതെ പോയത് ചർച്ചയില്ലാത്തതുകൊണ്ടാണ്. ഇതിൽ എല്ലാവർക്കും വളരെയേറെ വേദനയുണ്ട്.
ചർച്ച നടത്താതെ നടത്തിയെന്ന് പറയുന്നത് ശരിയല്ല. ഉമ്മൻചാണ്ടിയുടെ വാക്കിൽ എല്ലാമുണ്ട്. മുതിർന്ന നേതാക്കൾ അപ്രസക്തരാണ്. അവരുടെ കാലം കഴിഞ്ഞെന്ന സന്ദേശമാണ് ചില നേതാക്കൾ ഹൈക്കമാൻഡിന് കൊടുത്തത്. ശിവദാസൻ നായർ, കെ പി അനിൽകുമാർ എന്നിവർക്കെതിരെ നടപടിയെടുത്തപ്പോൾ വിശദീകരണം ചോദിക്കേണ്ടിയിരുന്നു. എല്ലാ നേതാക്കളും പരസ്യമായി അഭിപ്രായം പറഞ്ഞവരാണെന്നും കെ സി ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാവരും യോഗ്യരെന്ന് കെ മുരളീധരൻ
തിരുവനന്തപുരം > പുതിയ 14 ഡിസിസി പ്രസിഡന്റുമാരും യോഗ്യരെന്ന് കെ മുരളീധരൻ എംപി. ചർച്ച നടന്നില്ലെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളിയ മുരളീധരൻ വിശാലമായ ചർച്ചയാണ് ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ നടന്നതെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ പ്രസിഡന്റുമാരിൽ തിരുവനന്തപുരത്തും വയനാടും മുൻ എംഎൽഎമാരും മറ്റ് ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്നവരുമാണ് നേതൃത്വത്തിലെത്തിയത്. രണ്ട് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാർടി. ഒരുമിച്ച് പാർടിയെ തിരിച്ചുകൊണ്ടുവരുന്നതിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുന്നിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.
നവമാധ്യമങ്ങളിലും കൂട്ടയടി
തിരുവനന്തപുരം > ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയെച്ചൊല്ലി നേതാക്കളുടെ വാക്പോര് കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ അണികളുടെ വക കൂട്ടയടി. കെ സുധാകരന്റെയും വി ഡി സതീശന്റെയും സൈബർ ക്വട്ടേഷൻ സംഘങ്ങളുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും നേരെ ട്രോളുകളും കമന്റുകളും തൊടുത്തുവിടുകയാണ്. വഴിമാറിക്കൊടുക്കാനും ഇനി വിശ്രമിക്കാനുമാണ് ഉമ്മൻചാണ്ടിയോട് പറയുന്നത്.
‘‘പുരയ്ക്ക് മേലെ ചാഞ്ഞാൽ ചാണ്ടിയാണെങ്കിലും വെട്ടണമെന്നും ” ചിലർ കടുപ്പിക്കുന്നുണ്ട്.
അധ്യക്ഷരുടെ നിയമനം അംഗീകരിച്ചില്ലെങ്കിൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ ചെണ്ട കൊട്ടുമെന്നാണ്’ ചെന്നിത്തലയ്ക്കുള്ള മുന്നറിയിപ്പ്.
സുധാകരനും വി ഡി സതീശനുമെതിരെ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും അനുയായികളും തിരിച്ചടിക്കുന്നുണ്ട്. സതീശനും സുധാകരനും ചേർന്ന് കോൺഗ്രസിനെ ഇല്ലാതാക്കുമെന്നും ഒരു സുപ്രഭാതത്തിൽ കെട്ടിയിറക്കപ്പെട്ട നേതാക്കളല്ല ഇവരെന്നും ഓർമിപ്പിക്കുന്നു.