തിരുവനന്തപുരം > ഡിസിസി അധ്യക്ഷരുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെ മുതിർന്ന നേതാക്കളുടെ പരസ്യ ഏറ്റുമുട്ടൽ കെപിസിസി പുനഃസംഘടന മുന്നിൽ കണ്ട്. അതിലും അവഗണിക്കപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന സന്ദേശമാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയത്.
നാല് ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്സിക്ക്യൂട്ടീവ് അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക. പരമാവധി 50 പേരിൽ ഒതുക്കി സെപ്തംബർ 10ന് മുമ്പ് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കമെന്ന് കെ സുധാകരനെ പിന്തുണയ്ക്കുന്ന നേതാക്കൾ സൂചിപ്പിച്ചു. ചർച്ച നീണ്ടാലും സെപ്തംബറിൽതന്നെ പ്രഖ്യാപിക്കണമെന്ന നിലപടാണ്. 10 വൈസ് പ്രസിഡന്റ്, 34 ജനറൽ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറർ എന്നിവയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ബ്ലോക്ക്, ജില്ലാ തലത്തിലും പുനഃസംഘടനയുണ്ടാകും.
പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന ശക്തമായ നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. ഡിസിസി അധ്യക്ഷരായി പരിഗണിക്കേണ്ടവരുടെ പട്ടിക ചോദിച്ചിട്ട് ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകിയില്ലെന്നാണ് സുധാകരൻ പറഞ്ഞത്. കെപിസിസി ഭാരവാഹികളാക്കേണ്ടവരുടെ പട്ടിക നേരത്തെ നൽകാൻ ഒരുങ്ങിയിരിക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരിൽ വി ടി ബൽറാം, വി പി സജീന്ദ്രൻ, കെ എസ് ശബരീനാഥൻ, അനിൽ അക്കര തുടങ്ങിയവർ സ്ഥാനങ്ങളിലെത്താൻ ചരട് വലിക്കുന്നുണ്ട്.
പല മുൻ എംഎൽഎമാരും ഇപ്പോൾ പരസ്യമായി ഗ്രൂപ്പ് നിലപാട് വ്യക്തമാക്കാൻ തയ്യാറല്ല. ഇതുകൂടി മുന്നിൽ കണ്ടാണ് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും നീക്കം. തങ്ങളോടൊപ്പം ഉറച്ചുനിൽക്കുന്നവരെ ഭാരവാഹി സ്ഥാനത്ത് കൊണ്ടുവരണമെന്ന നിലപാടിലാണ് ഇരുവരും.
ഹൈക്കമാൻഡിന് കടുത്ത അതൃപ്തി
സ്വന്തം ലേഖകൻ
ന്യൂഡൽഹി > കേരളത്തിൽ ഡിസിസി പ്രസിഡന്റ് പട്ടികയെ ചൊല്ലിയുള്ള നേതാക്കളുടെ പോർവിളിയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി.
മുതിർന്ന നേതാക്കളുമായി ദീർഘമായി ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. കാര്യമായ തിരുത്തലുകളില്ലാതെ പട്ടികയ്ക്ക് അംഗീകാരം നൽകാൻ ഇത് കാരണമായി. എന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തുവന്നതോടെ ഹൈക്കമാൻഡ് ആശയക്കുഴപ്പത്തിലാണ്. പട്ടികയുടെ കാര്യത്തിൽ നിജസ്ഥിതി അറിയുന്നതിന് രാഹുൽ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
പട്ടികയിലെ പേരുകൾക്കെതിരായി ഞായറാഴ്ചയും ഹൈക്കമാൻഡിലേക്ക് പരാതി പ്രവഹിച്ചു. ക്രിമിനൽ കേസിൽ ജയിലിലുള്ള ആർഎസ്എസുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയുക്ത ഡിസിസി പ്രസിഡന്റ് പാലോട് രവി 2014ൽ എംഎൽഎയായിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കയച്ച കത്തിന്റെ പകർപ്പടക്കം ഹൈക്കമാൻഡിലെത്തി. കെപിസിസി പ്രസിഡന്റ് ധരിപ്പിച്ചതിന് വിരുദ്ധമായി കാര്യങ്ങൾ നീങ്ങുന്നതിൽ നേതൃത്വം അസ്വസ്ഥമാണ്. ഈ സാഹചര്യത്തിലാണ് താരിഖ് അൻവറിൽനിന്നുള്ള റിപ്പോർട്ട് തേടൽ.