തിരുവനന്തപുരം > പതിറ്റാണ്ടുകളായി കേരളത്തിലെ കോൺഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്ത രണ്ട് പ്രബല ഗ്രൂപ്പുകളെ ദുർബലമാക്കി പുതിയ ചേരി. എ കെ ആന്റണിയിൽനിന്ന് ഏറ്റുവാങ്ങി ഉമ്മൻചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കരുണാകരന്റെ സ്വന്തം, ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിനെയുമാണ് പുതിയ നേതൃത്വം ക്ഷയിപ്പിച്ചത്. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ അച്ചുതണ്ട് എ, ഐ ഗ്രൂപ്പുകളിൽനിന്ന് നേതാക്കളെ അടർത്തിയെടുത്ത് പുതിയ സമവാക്യം രൂപപ്പെടുത്തി. തിരിച്ച് പഴയ ഗ്രൂപ്പുകളിലേക്ക് പോകില്ലെന്ന് ഉറപ്പ് നൽകിയവരാണ് പുതിയ ഡിസിസി അധ്യക്ഷരിൽ ഭൂരിപക്ഷവും. ഈ നീക്കത്തിന് ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പിക്കാൻ കെ സി വേണുഗോപാലിനായി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിൽ ഒന്നുമല്ലെന്ന സന്ദേശം പ്രവർത്തകരിലേക്ക് പകർന്നു.
പട്ടിക പുറത്തുവരുമ്പോൾ വലിയ പൊട്ടിത്തെറികളും പ്രകടനങ്ങളും ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു ആസൂത്രണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ചതിനു പിന്നാലെ കെ മുരളീധരനെ തന്നെ രംഗത്തിറക്കി. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ തിരുവഞ്ചൂരും കളംമാറ്റി ചവിട്ടി. പരസ്യമായി പ്രതികരിച്ചിട്ടല്ല, പാർടി വേദിയിൽ പരാതി ഉന്നയിക്കണം എന്നാണ് തിരുവഞ്ചൂർ പറഞ്ഞത്. രാജ്മോഹൻ ഉണ്ണിത്താനുൾപ്പെടെ എംപിമാരെയും രംഗത്തിറക്കി. കോൺഗ്രസ് ഹൈക്കമാൻഡിനെ അംഗീകരിക്കാനാകില്ലെങ്കിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും പുതിയ പാർടിയുണ്ടാക്കാം എന്ന് ഉണ്ണിത്താൻ തുറന്നടിച്ചു.
സാമൂഹ്യമാധ്യമങ്ങളിലും സുധാകരന് ജയ് വിളിക്കാൻ ആളെ ഇറക്കി. അടച്ചുപൂട്ടലും പല ഗ്രൂപ്പ് മാനേജർമാർ മറുകണ്ടം ചാടിയതിലുള്ള ആശയക്കുഴപ്പവും കാരണം പ്രകടനം ഉണ്ടായില്ല. എന്നാൽ എ, ഐ ഗ്രൂപ്പുകൾ വരുംദിവസങ്ങളിൽ കടുത്ത പ്രതികരണത്തിന് മുതിർന്നേക്കുമെന്ന് സൂചനയുണ്ട്.