കാലടി > പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ ജീവിതകഥ ശാസ്ത്രീയ നൃത്തത്തിലൂടെ അവതരിപ്പിച്ച് ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ്. ശ്രീശങ്കര നൃത്തോത്സവത്തിന്റെ ഭാഗമായി യുട്യൂബ് ചാനൽവഴിയാണ് നൃത്താവിഷ്കാരം ജനങ്ങളിലെത്തിച്ചത്.
നർത്തകിമാരായ ശ്രീക്കുട്ടി മുരളി, അഞ്ജന പി സത്യൻ, വി അനുശ്രീ, വി ഐശ്വര്യ എന്നിവർ ചുവടുകൾവച്ചു. എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യഗ്രഹം, പട്ടിണി ജാഥ, കുടിയൊഴിപ്പിക്കലിനെതിരായ സമരം, മിച്ചഭൂമി സമരം തുടങ്ങിയ പോരാട്ടങ്ങളാണ് അവതരിപ്പിച്ചത്. 16 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി യുട്യൂബിൽ ആയിരങ്ങൾ കണ്ടു.
പ്രൊഫ. പി വി പീതാംബരന്റെ കവിതയാണ് നൃത്തശിൽപ്പമാക്കിയത്. സാങ്കേതിക സഹായം സുധ പീതാംബരൻ, ഡോ. സി പി ഉണ്ണിക്കൃഷ്ണൻ. സംഗീതസംവിധാനം പി ബി ബാബുരാജ്.