വാഷിങ്ടൺ > അമേരിക്കയിൽ കോവിഡ് മരണം ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുയരുന്നു. വേൾഡോമീറ്റർ കണക്ക് പ്രകാരം ആഗസ്ത് ഒന്നിന് 365 മരണം സ്ഥിരീകരിച്ച രാജ്യത്ത് 13ന് മരണം 1040 ആയി.
1076 പേർ കോവിഡിന് ഇരയായ മാർച്ച് 31നുശേഷം ആദ്യമായാണ് പ്രതിദിന മരണസംഖ്യ 1000 കടന്നത്. പിന്നീടങ്ങോട്ട് ഏതാണ്ട് എല്ലാ ദിവസവും ആയിരത്തിലധികം മരണമുണ്ടായി. 26ന് 2213 പേർ മരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ലോകത്ത് ഇതുവരെ കോവിഡ് മരണം 45 ലക്ഷം കടന്നപ്പോൾ അമേരിക്കയിൽ മരിച്ചത് 6.54 ലക്ഷംപേർ. മാസത്തിന്റെ രണ്ടാംപാതിയിൽ ഇതുവരെ 13,455 പേർ മരിച്ചു. കോവിഡ് മരണം ഇപ്പോൾ ഏറ്റവുമധികമുള്ള ടെക്സസിൽ ഇതുവരെ മരിച്ചത് 56,846 പേർ. എന്നാൽ, ഏറ്റവുമധികം പേർ മരിച്ചത് കലിഫോർണിയയിലാണ്–- 65,686. ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞ ഒറിഗോൺ സംസ്ഥാനത്തെ ടില്ലമൂക്, ജോസഫൈൻ കൗണ്ടികൾ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച ട്രക്കുകൾ വാങ്ങി. ഫ്ലോറിഡയിൽ പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നു.
ജനസംഖ്യയുടെ 52.7 ശതമാനവും പൂർണമായും 62.1 ശതമാനവും പേർ ആദ്യ ഡോസും വാക്സിനെടുത്ത രാജ്യത്ത് രോഗസ്ഥിരീകരണവും മരണവും വീണ്ടും ഉയരുന്നത് ആശങ്ക ഉയർത്തുന്നു. ലോകത്താകെ വിതരണം ചെയ്ത 521 കോടി ഡോസിൽ 36.8 കോടി ഡോസും വിതരണം ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.