കാബൂൾ > അഫ്ഗാൻ ഗായകൻ ഫവാദ് അന്ദ്രാബിയെ താലിബാൻകാരൻ വെടിവച്ച് കൊന്നു. കാബൂളിന് 100 കിലോമീറ്റർ വടക്ക് ബഗ്ലാൻ പ്രവിശ്യയിലെ അന്ദ്രാബി താഴ്വരയിൽ വെള്ളിയാഴ്ചയാണ് സംഭവം. അന്ദ്രാബിയുടെ വീട്ടിൽ തെരച്ചിൽ നടത്തിയ താലിബാൻകാർ പിന്നീട് തിരിച്ചെത്തുകയും അദ്ദേഹത്തെ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തലയിൽ വെടിവയ്ക്കുകയുമായിരുന്നു.
പ്രാദേശിക താലിബാൻ കൗൺസിലിന് പരാതി നൽകിയതായി മകൻ ജാവദ് അന്ദ്രാബിയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി താലിബാൻ വക്താവ് സബിബുള്ള മുജാഹിദും പറഞ്ഞു. താലിബാനെ ശക്തമായി എതിർക്കുന്ന പഞ്ച്ശിർ പ്രവിശ്യയ്ക്ക് അടുത്തുള്ള പ്രദേശമാണ് അന്ദ്രാബി താഴ്വര.
ഹാസ്യ കലാകാരൻ നാസിർ മൊഹമ്മദിനെ അടുത്തയിടെ താലിബാൻ വധിച്ചിരുന്നു. അന്ദ്രാബിയുടെ വധത്തിൽ യുഎൻ പ്രതിനിധി കരീമ ബെനൂൺ, ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് എന്നിവർ ആശങ്ക പ്രകടിപ്പിച്ചു.