കാബൂൾ > അഫ്ഗാനസ്ഥാനിൽനിന്ന് വിദേശ സേനകളുടെ പിന്മാറ്റം പൂർത്തിയാകാൻ മണിക്കൂറുകൾ ശേഷിക്കെ, കാബൂൾ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കൽ അവസാനഘട്ടത്തിലേക്ക്. മിക്ക നാറ്റോ രാജ്യവും ഒഴിപ്പിക്കൽ അവസാനിപ്പിച്ചുകഴിഞ്ഞു. ബ്രിട്ടീഷ് സൈന്യം പൂർണമായും രാജ്യം വിട്ടു.
എംബസി ജീവനക്കാരുടെയും സഹായികളുടെയും ഒഴിപ്പിക്കൽ പൂർത്തിയാക്കി 1000 സൈനികർ ശനിയാഴ്ച വൈകി മടങ്ങിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. തങ്ങളുടെ ജീവനക്കാരെ സഹായിച്ച എല്ലാ അഫ്ഗാൻകാരെയും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 1100 അഫ്ഗാൻകാർ ഉൾപ്പെടെ 15,000 പേരെയാണ് രണ്ടാഴ്ചകൊണ്ട് ബ്രിട്ടൻ ഒഴിപ്പിച്ചത്.
അമേരിക്ക 24 മണിക്കൂറിനുള്ളിൽ 18 വിമാനത്തിലായി 2000 പേരെ ഒഴിപ്പിച്ചു. അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തശേഷം 1,13,500 പേരെയും ജൂലൈക്കുശേഷം ആകെ 1,19,000 പേരെയും ഒഴിപ്പിച്ചു. ഇവരിൽ അഫ്ഗാൻകാരാണ് അധികവും. 1400 പേരുടെകൂടി രേഖകൾ തയ്യാറായിട്ടുണ്ട്. നാലായിരത്തോളം സൈനികർ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യത്ത് 350 മറ്റ് അമേരിക്കക്കാർകൂടി ബാക്കിയുണ്ടെന്നാണ് കണക്ക്. ചൊവ്വാഴ്ചയ്ക്കുമുമ്പ് ഇവരെയെല്ലാം ഒഴിപ്പിക്കുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
കാബൂൾ വിമാനത്താവള ആക്രമണത്തിൽ കൊല്ലപ്പെട്ട 13 അമേരിക്കൻ സൈനികരുടെ കുടുംബാംഗങ്ങളുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തി. ഡോവർ വ്യോമതാവളത്തിലെത്തി ബൈഡനും ഭാര്യയും മരിച്ച സൈനികർക്ക് ആദരമർപ്പിക്കും.