താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. ഡിഎൻഎ ടെസ്റ്റ് വരുമ്പോൾ രക്ഷപെടുമെന്ന് ഉറപ്പായിരുന്നു. എനിക്കവരുടെ മൊഴി കേട്ടിട്ട് വിഷമമുണ്ടെന്ന് ശ്രീനാഥ് പറഞ്ഞു. 36 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ശ്രീനാഥിന് ഡിഎൻഎ ഫലം നെഗറ്റീവായതോടെയാണ് ജാമ്യം ലഭിച്ചത്.
ഇങ്ങനെ ഒരു വിഷമം ഒരമ്മയും അച്ഛനും ഇനി ഭൂമിയിൽ അനുഭവിക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ശ്രീനാഥിന്റെ അമ്മ പറഞ്ഞു. ഇവിടെ നിന്നും ഇറങ്ങുമ്പോൾ മൂന്നു കാര്യങ്ങൾ അവൻ പോലീസിനോട് പറഞ്ഞു. എനിക്കിതിൽ ബന്ധമില്ല, ഒരു കാര്യവും അറിയില്ല, ഏത് കോടതിയിൽ വേണമെങ്കിലും ഞാൻ സത്യം തെളിയിക്കാം. വിളക്കൊക്കെ വെയ്ക്കുന്നതാണ് വീട്ടിൽ. സ്വാമി മുറി തുറന്നിട്ട് സത്യം പറയാം, എന്നാണ് അവൻ പറഞ്ഞത്.
“അപ്പോൾ എസ്ഐ പറഞ്ഞു, ദൈവങ്ങളുടെ പേരിൽ എന്ത് സത്യമാടാ നിനക്ക് പറയാനുള്ളത് എന്നു ചോദിച്ചു. അതും പറഞ്ഞ് രാത്രി പന്ത്രണ്ടര മണിക്കാണ് കുട്ടിയെ ഇറക്കിക്കൊണ്ടു പോയത്. മാതാപിതാക്കളായ ഞങ്ങൾക്കും സഹോദരന്മാർക്കും നാവിറങ്ങിയിട്ട് എന്താണ് ഏതാണ് എന്നൊന്നും പറയാൻ വയ്യ. കോടതി വിധിക്ക് ശേഷം ആശ്വാസമായി. ടെസ്റ്റ് മാത്രമാണ് തെളിവെന്ന് മകൻ പറഞ്ഞു. ടെസ്റ്റ് ഞങ്ങൾക്ക് അനുകൂലമായി.” ശ്രീനാഥിന്റെ അമ്മ പറഞ്ഞു.
“എനിക്കിപ്പോ ആശ്വാസമായി. ഞാൻ തെറ്റ് ചെയ്തില്ലെന്നുള്ളത് സത്യമാണ്. അവരുടെ മൊഴികൾ കേട്ടിട്ടുള്ള വിഷമമേ ഉള്ളൂ. കേസിൽ നിന്നും ഒഴിവാകുമെന്ന് അത്ര ഉറപ്പുണ്ട്. കാരണം ഞാനത് ചെയ്തിട്ടില്ല. പോലീസ് മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചു.” ശ്രീനാഥ് പറഞ്ഞു.
“എത്ര ദേഷ്യപ്പെട്ടാലും മകൻ എന്നോട് അനുസരണക്കേടുള്ള വർത്താനം പറയലില്ല. അത്രത്തോളം അവൻ എന്നെ സ്നേഹിക്കുന്നുണ്ട്. അവൻ തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. കേസിന്റെ പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് ജനങ്ങൾ അറിയണം. അവരെ അറസ്റ്റ് ചെയ്യണം. എന്നാൽ മാത്രമേ എന്റെ സങ്കടം മാറുകയുള്ളൂ.” ശ്രീനാഥിന്റെ അച്ഛൻ പറഞ്ഞു, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
“ഞാനും പെൺകുട്ടിയും തമ്മിൽ ഒരു വര്‍ഷത്തെ പരിചയം മാത്രമേ ഉള്ളൂ. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കാനുള്ളൂ. ചെയ്യാത്ത കുറ്റമായതുകൊണ്ട് പേടിയില്ല.” ശ്രീനാഥ് പറയുന്നു.
ജുലൈ 22 ന് രാത്രിയാണ് ശ്രീനാഥിനെ വീട്ടിൽ നിന്നും കൽപകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കൈകൾ തോര്‍ത്തുപയോഗിച്ച് കെട്ടി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. തോര്‍ത്തും കത്തിയും പോലീസ് തെളിവായി ശേഖരിച്ചിരുന്നു.
പോക്സോ കേസിനു പുറമേ ഐപിസി 346, 376, 342 പ്രകാരവും ശ്രീനാഥിനെതിരെ കേസെടുത്തിരുന്നു. ഡിഎൻഎ ഫലം ലഭിച്ചതിനു പിന്നാലെ കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം മണിക്കൂറുകൾക്കുള്ളിൽ തിരൂർ സബ് ജയിലിൽ നിന്നും ശ്രീനാഥിനെ വിട്ടയച്ചു. കേസിലെ യഥാർത്ഥ പ്രതികൾ ആരാണെന്നറിയാൻ ഇനി വിശദമായ അന്വേഷണം വേണ്ടിവരും.