തന്നെ കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തപ്പോൾ മാനദണ്ഡം പാലിച്ചില്ലെന്നാണ് കെ പി അനിൽ കുമാർ പറയുന്നത്. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്ക രാഹിത്യം താൻ കാണിച്ചിട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു. എഐസിസി അംഗത്തിനെതിരെ നടപടി സ്വീകരിക്കുമ്പോൾ എഐസിസിയുടെ അനുമതി ആവശ്യമാണ്. അത് വാങ്ങിയിട്ടില്ല. കൂടാതെ ഫോണിലൂടെ വിശദീകരണം ചോദിച്ചിട്ടില്ല. നൂറുകണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരുടേയും പാർട്ടി പ്രവർത്തകരുടേയും പിന്തുണ തനിക്ക് ഉണ്ടെന്നും അനിൽ കുമാർ വ്യക്തമാക്കി.
ഡിസിസി പുനഃസംഘടനയ്ക്കെതിരെ വിമർശനം ഉന്നയിച്ച കെപി അനിൽ കുമാർ, കെ ശിവദാസൻ നായർ എന്നിവരെ ശനിയാഴ്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസിൽ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. തനിക്കെതിരെ നടപടിയെടുത്ത കെപിസിസി പ്രസിഡന്റ് എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തത് എന്ന് അനിൽ കുമാർ ചോദിച്ചു. ഇതിനുള്ള മറുപടിയാണ് മുരളീധരൻ നൽകിയിരിക്കുന്നത്.
മുന്‍പ് പല കെപിസിസി പ്രസിഡന്‍റുമാര്‍ക്കെതിരേയും സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍, എംഎല്‍എ മാത്രമായിരുന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരെ സതീശന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ എന്നിവയിലുണ്ടായ അച്ചടക്കരാഹിത്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും അനില്‍കുമാര്‍ പറയുന്നു.
ഫോണിൽ പോലും വിളിച്ച് വിശദീകരണം ചോദിക്കാതെയാണ് നടപടിയെന്നും വിഷയം ചൂണ്ടിക്കാണിച്ച് നാളെ എഐസിസിക്ക് പരാതി നല്‍കുമെന്നും അനിൽകുമാർ പറഞ്ഞു. ഇന്നലെ ഡിസിസി അധ്യക്ഷ പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു അനിൽകുമാർ പട്ടികയ്ക്കെതിരെ വിമർശനം നടത്തിയത്. വിഡി സതീശനും കെ സുധാകരനും എതിരായി കെപി അനിൽ കുമാർ രൂക്ഷ വിമർശനമാണ് നടത്തിയത്. ഗ്രൂപ്പ് പരിഗണിക്കില്ലെന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണെന്നും പുനഃപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോൾ ഒരു മാനദണ്ഡം വേണ്ടേ? ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണെന്നും കെപി അനിൽ കുമാർ വിമർശിച്ചു.
കെപി അനിൽ കുമാറിനെ പിന്തുണയ്ക്കുന്ന അഭിപ്രായം ആയിരുന്നു കെ ശിവദാസൻ നായരുടേത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നാല് വർക്കിങ് പ്രസിഡന്റുമാരുടേയും ഇഷ്ടക്കാരെ വെച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു ശിവദാസൻ നായർ പറഞ്ഞത്. അച്ചടക്ക നടപടി ഉണ്ടായതിനു പിന്നാലെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.