പാലക്കാട്: ഡിസിസി പുനഃസംഘടനയിൽ കോൺഗ്രസിലുണ്ടായ കലാപം രാജിയിലേക്ക് നീളുന്നു. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചന.
നാളെ രാവിലെ അദ്ദേഹം വാർത്താസമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാർട്ടി വിട്ടേക്കും. ഗോപിനാഥിനൊപ്പം ഉറച്ച് നിൽക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉൾക്കൊള്ളുമെന്നുമാണ് ഇവർ അറിയിച്ചിട്ടുള്ളത്.
ഗോപിനാഥിനെ തഴഞ്ഞ് എ.തങ്കപ്പനെയാണ് കോൺഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്നടക്കം പറഞ്ഞാണ് നേതാക്കൾ അനുയയിപ്പിച്ച് നിർത്തിയിരുന്നത്.പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗങ്ങളുമായും തന്നെ അനുകൂലിക്കുന്ന മറ്റുനേതാക്കളേയും കണ്ട ശേഷമാണ് ഗോപിനാഥ് വാർത്താസമ്മേളനം വിളിച്ചത്.
ഇതിനിടെ കോൺഗ്രസിലെ തർക്കം മുതലെടുക്കാനുള്ള നീക്കങ്ങളുമായി സിപിഎമ്മും രംഗത്തെത്തി. ഗോപിനാഥിനെ പാർട്ടിയിലെത്തിക്കാൻ സിപിഎം ചർച്ചകൾ നടത്തിവരുന്നതായാണ് വിവരം. ഗോപിനാഥിനേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും ഒപ്പം നിർത്തുന്നതിലൂടെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎമ്മിനാകും. സിപിഎം നേതാവും മുൻ മന്ത്രിയുമായി എ.കെ.ബാലനും ചില സൂചനകൾ നൽകിയിട്ടുണ്ട്.
കോൺഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് പല സ്ഥലത്തും കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും ബാലൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുകയുണ്ടായി.