കൊടുങ്ങല്ലൂർ > എൽടിടിഇ ബന്ധമുള്ള ശ്രീലങ്കക്കാർ കേരളത്തിൽ എത്തിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കൊടുങ്ങല്ലൂർ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ പ്രദേശങ്ങളിലും കടലിലും അഴീക്കോട് തീരദേശ പൊലീസ് പരിശോധന ശക്തമാക്കി.
വാഹനങ്ങൾ, ഹോം സ്റ്റേകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയ പൊലീസ് മത്സ്യ തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.മുനമ്പം, അഴീക്കോട് പ്രദേശങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന തമിഴ്നാട്, കന്യാകുമാരി, കുളച്ചൽ സ്വദേശികളുടെ ബോട്ടുകൾ കേന്ദ്രീകരിച്ചും പ്രദേശത്തെ ബോട്ട് യാഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. അഴീക്കോട് കോസ്റ്റൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് 24 മണിക്കൂറും കടലിൽ പട്രോളിങ് നടത്തുന്നത്.
ശ്രീലങ്കയിൽ നിന്നുള്ള 15 പേർ തമിഴ്നാട്ടിലെത്തിയതായും ഇവർ കേരളതീരം വഴി പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ഏജൻസികൾ ജാഗ്രതാ നിർദേശം നൽകിയിയത്. കടലിൽ സംശയാസ്പദമായി കാണുന്ന മുഴുവൻ ബോട്ടുകളിലും തീരദേശ പൊലീസ് പരിശോധന നടത്തുകയാണ്.