പാലക്കാട്: കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ.കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്.കെ. സുധാകരന്റെ ശൈലി ഉൾക്കൊള്ളാൻ പറ്റുന്ന ഘടനയല്ലഇന്ന് കോൺഗ്രസിനുള്ളതെന്നും ബാലൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ്അദ്ദേഹത്തിന്റെ ആരോപണം.
കോൺഗ്രസിന്റെ ഉള്ളിൽ ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിലല്ല സുധാകരന്റെ സമീപനങ്ങൾ. സെമി കേഡർ പാർട്ടി എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസിനെ നയിക്കാൻ സാധിക്കില്ല. കാരണം ഗ്രൂപ്പില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. ഇക്കാര്യം കെ സി ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് സുധാകരൻ സ്വപ്നം കാണുന്നതെങ്കിൽ, ഇനി കോൺഗ്രസുണ്ടാകില്ല; പകരം ഗ്രൂപ്പുകൾ മാത്രമേ ഉണ്ടാകൂ. ഗ്രൂപ്പിന് അതീതമായി കോൺഗ്രസിനെ കേഡർ പാർട്ടി ആക്കി വളർത്താം എന്നത് കേവലം ദിവാസ്വപ്നമാണ് ബാലൻ പറഞ്ഞു.
മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓർമ്മപ്പെടുത്തൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന് രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ സസ്പെൻഷൻ നടപടി എടുത്തുകഴിഞ്ഞു. ഈ നടപടി സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഉമ്മൻചാണ്ടിയെ പ്രകടമായി വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരുഷമായും പരസ്യമായും ശാസിക്കുകയാണ്. ഇതും കോൺഗ്രസിന്റെ ചരിത്രത്തിലില്ലാത്തതാണ്. സി പി ഐ എമ്മിനോടും അതിന്റെ നേതാക്കളോടും കാട്ടുന്ന ശത്രുതാപരമായ സമീപനം തന്നെ കോൺഗ്രസിന്റെ പാരമ്പര്യമുള്ള നേതാക്കളോടും കെ സുധാകരൻ കാണിക്കുകയാണ്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുക്കാൻ പോലും അനുവദിക്കാത്തതു കൊണ്ടാണല്ലോ ഇവിടെയുള്ള കാര്യം ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നത്. ആ ചെന്നിത്തലയോട് ശത്രുതാപരമായ സമീപനമാണ് സുധാകരനുള്ളത്. ഇത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
ഈ നേതാക്കളെ ശാസിക്കുന്നതിനെ അണികൾ ചോദ്യം ചെയ്യുകയാണ്. തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന സുധാകരന്റെ പ്രസ്താവന കുറ്റസമ്മതമാണ്. എന്തിനാണ് അഞ്ച് മാസത്തോളമെടുത്ത ഈ പ്രക്രിയ പൂർത്തീകരിക്കാൻ സോണിയാഗാന്ധിയുടെയടുക്കൽ പോയത്? ഒരു ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാൻ ആ ജില്ലയിലുള്ളവർക്കോ സംസ്ഥാനത്തുള്ളവർക്കോ കഴിഞ്ഞില്ലെങ്കിൽ പിന്നെ കോൺഗ്രസിന്റെ അസ്തിത്വമെന്താണ്? എന്തിനാണ് ഡൽഹിയിലേക്കോടുന്നത്? ഹൈക്കമാണ്ട് എന്നു പറഞ്ഞാൽ മുമ്പുണ്ടായിരുന്ന വൈകാരിക ബന്ധമൊന്നും അണികൾ ഇപ്പോൾ കൽപ്പിക്കുന്നില്ല. എഐസിസിക്ക് പ്രസിഡണ്ട് പോലും ഇപ്പോഴില്ല.
ഇതെല്ലാം സൂചിപ്പിക്കുന്നത് കോൺഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. അതുകൊണ്ട് പല സ്ഥലത്തും കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും ബാലൻ വ്യക്തമാക്കി.