ന്യൂഡൽഹി: ദേശിയ കായിക ദിനത്തിൽ കായിക മന്ത്രി അനുരാഗ് താക്കൂർ ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്പ് പുറത്തിറക്കി. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.
ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആഘോഷിക്കുന്ന ദേശീയ കായിക ദിനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാർ നൽകുന്ന സമ്മാനമാണ് ഈ ആപ്പ് എന്ന് താക്കൂർ പറഞ്ഞു.
“രാജ്യത്തെ കായികതാരങ്ങളുടെ പ്രതീകമായ മേജർ ധ്യാൻ ചന്ദിനുള്ള ആദരവാണ് ഫിറ്റ് ഇന്ത്യ ആപ്പ്,” എന്ന് മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ താക്കൂർ പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും പരിപാടിയിൽ വെർച്വലായി പങ്കെടുത്തു.
“കായികതാരങ്ങൾക്ക് ഫിറ്റ്നസ് നിലനിർത്താൻ ഈ ആപ്പ് നിർബന്ധമാണ്, അവർ ആപ്പ് കർശനമായി പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ, യുവ ഇന്ത്യയെ ഫിറ്റ്നസ് ഉള്ളവരായി നിലനിർത്താനുള്ള ശ്രമമാണിത്, കാരണം ഒരു ഫിറ്റ് ആയ യുവാക്കൾക്ക് ഒരു മികച്ച ഇന്ത്യയെ നിർമ്മിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“നമ്മൾ ഫിറ്റ്നസിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ഒരു ദിവസം അരമണിക്കൂർ മാത്രമാണ് നമ്മുടെ ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്തുന്നതിനായി നീക്കിവയ്ക്കേണ്ടത്. ഈ ആപ്പ് രസകരമാണ്, സൗജന്യവും, ആർക്കും എവിടെ വെച്ചും അവരുടെ ഫിറ്റ്നസ് പരിശോധിക്കാനും നിരീക്ഷിക്കാനും കഴിയും.”
Also read: Tokyo Paralympics: ടേബിള്‍ ടെന്നിസില്‍ വെള്ളിത്തിളക്കം; ചരിത്രം കുറിച്ച് ഭാവിനബെന്‍
“ഈ ആപ്പ് വളരെ സഹായകരവും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഞാൻ ഇതിനകം ഇത് ഉപയോഗിക്കുന്നുണ്ട്, ഇത് എന്റെ ഫിറ്റ്നസ് കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന് മൻപ്രീത് സിങ്ങും പറഞ്ഞു.
ചടങ്ങിൽ കായിക സഹമന്ത്രി നിസിത് പ്രമാണിക്, സ്പോർട്സ് സെക്രട്ടറി രവി മിത്തൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ എന്നിവരും പങ്കെടുത്തു.
The post ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്പ് കായിക മന്ത്രി അനുരാഗ് താക്കൂർ പുറത്തിറക്കി appeared first on Indian Express Malayalam.