പൊട്ടലും ചീറ്റലും വിഴുപ്പലക്കലും കോൺഗ്രസിൽ പുത്തരിയല്ല. പ്രസ്താവനായുദ്ധവും പോർവിളിയും അതിന്റെ രക്തത്തിലുള്ളതാണ്. ലക്കും ലഗാനുമില്ലാതെ എന്തും പറയാൻ ലൈസൻസുള്ള വിശാല ജനാധിപത്യം കൊടികുത്തി വാഴുന്ന പ്രസ്ഥാനം. കൂട്ടയടി പേടിച്ച് 30 വർഷമായി സംഘടനാ തിരഞ്ഞെടുപ്പ് പോലും നടത്താൻ ആരും ധൈര്യപ്പെട്ടില്ല. റബർ ബാൻഡ് പോലെയാണ് അവിടെ ജനാധിപത്യം. സിഗ്നൽ കിട്ടിയാൽ ഒരറ്റം വലിഞ്ഞു തുടങ്ങും പ്രത്യാക്രമണം മറ്റേ അറ്റത്ത് നിന്നുമുണ്ടാവും. അങ്ങനെ പോർവിളി നീണ്ട് പെട്ടെന്ന് സമാധാനം പിറക്കും. റബർ ബാൻഡ് ചുരുങ്ങും. പഴയ നിലയിലാകും. ഇതാണ് പതിവ് രീതി. ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിൽ അനിഷ്ടവും അസ്വാരസ്യവും അവിടെയും ഇവിടെയും പൊട്ടൽ തുടരുകയാണ്. അധ്യക്ഷന്മാരെ കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചപ്പോൾ 20 മിനിറ്റുള്ളിൽ സുധാകരൻ പുറത്തിറക്കിയത് രണ്ട് പേരെ സസ്പെൻഡ് ചെയ്തുള്ള വാർത്താക്കുറിപ്പാണ്.
അച്ചടക്കത്തിന്റെ വാൾ വീശിക്കൊണ്ടാണ് സുധാകരൻ ഫലത്തിൽ നിയമനം നടത്തിയത്. അത് കോൺഗ്രസിൽ പതിവുള്ളതല്ല. മുൻഗാമികൾ പരസ്യപ്രസ്താവന വിലക്കലും വിശദീകരണം ചോദിക്കലും ആലോചിച്ച വേഗത്തിലാണ് സുധാകരന്റെ നടപടി വന്നത്. പലരും ഞെട്ടിയത് അതുകൊണ്ടാണ്. പൊട്ടിത്തെറി മുന്നിൽ കണ്ട് ഒരു മുഴം മുന്നെ കണ്ടുള്ള നീക്കമായിരുന്നു അത്. ശിവദാസൻ നായരുടെ പ്രതികരണത്തിൽ ആ ഞെട്ടൽ വ്യക്തം. പറഞ്ഞതെന്തെന്ന് രണ്ടാമതൊന്ന് ആലോചിക്കാൻ കഴിയും മുന്നെ അനിൽകുമാറിന് കൈയിൽ കിട്ടി സസ്പെൻഷൻ. ഇതുകൊണ്ട് ആരും മിണ്ടാതിരുന്നില്ല. ചർച്ചവേണ്ടിയിരുന്നു എന്ന വാക്കിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പരിഭവം പറഞ്ഞു. വിശ്വസ്തത തെളിയിച്ച് കെ. ബാബുവിന്റെ നിയോഗം. ഐ ഗ്രൂപ്പിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഐ ഗ്രൂപ്പ് സുധാകരനിലും സതീശനിലുമായി ഏറക്കുറേ ലയിച്ചുകഴിഞ്ഞു. കേഡർ രീതിയിൽ നാല് പതിറ്റാണ്ട് നിന്ന എ ഗ്രൂപ്പും ബലക്ഷയത്തിലാണ്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനാകാൻ അവിടെയും മത്സരമുണ്ട്.
പട്ടിക വന്നപ്പോൾ ഇന്ന ആൾ ആയതിലോ ആക്കാത്തതിലോ ആരും പരാതി പറയുന്നില്ല. അതാണ് ശ്രദ്ധേയം. അപ്പോൾ സംഗതി വ്യക്തം. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വേണ്ടത്ര പരിഗണന കിട്ടുന്നില്ല. പ്രത്യക്ഷത്തിൽ ഇപ്പോഴത്തെ പോരാട്ടം കേവലം അസ്വാരസ്യമല്ല. മറിച്ച് അധികാരത്തിന്റെ പിടി അയയുന്നവരും അത് പിടിച്ചെടുക്കുന്നവരും തമ്മിലുള്ള ശീതസമരമാണ്. ആദ്യം കെ.പി.സി.സി. അധ്യക്ഷൻ പിന്നാലെ പ്രതിപക്ഷ നേതാവ്. രണ്ടാം ഘട്ടത്തിൽ ഡി.സി.സി. അധ്യക്ഷന്മാർ. രണ്ട് പതിറ്റാണ്ടായി കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിച്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നതൊന്നും ഇപ്പോൾ പണ്ടേ പോലെ ഫലിക്കുന്നില്ല. അടുത്ത റൗണ്ട് കെ.പി.സി.സി. ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ്. അതോടെ അധികാരകൈമാറ്റം പൂർണമാകും. പൊട്ടിത്തെറികളുടെ പരിസമാപ്തിയിൽ പാർട്ടി സുധാകരനും-സതീശനും കൈപ്പിടിയിലാകാനാണ് എല്ലാ സാധ്യതയും.
ബാബു പ്രസാദിനെ ആലപ്പുഴയിൽ അധ്യക്ഷനാക്കാനെങ്കിലും കഴിഞ്ഞതിൽ ചെന്നിത്തലയ്ക്ക് ആശ്വസിക്കാം. ആറ് പേർ എ ഗ്രൂപ്പുകാരാണെന്ന് സമാധാനിക്കുമ്പോഴും അവസാന നിമിഷത്തെ മാറ്റങ്ങളിൽ കോട്ടയത്ത് ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞ ഫിൽസൺ മാത്യൂസ് പുറത്താകുകയും നാട്ടകം സുരേഷിന് നറുക്കുവീഴുകയും ചെയ്തു. കോട്ടയവും ഇടുക്കിയും തമ്മിലുണ്ടായ മാറ്റത്തിൽ സാമുദായിക സമവാക്യവും ഇതിൽ നിർണായകമായി. ഉമ്മൻ ചാണ്ടി നിർദേശിച്ച പേരുകളിൽ നാട്ടകം സുരേഷും ഉണ്ടായിരുന്നെങ്കിലും എ ഗ്രൂപ്പിലാണെങ്കിലും തിരുവഞ്ചൂരുമായാണ് സുരേഷിന് കൂടുതൽ അടുപ്പം. കൊടിക്കുന്നിലിനും പി.ജെ. കുര്യനും, പി.ടി. തോമസിനും, കെ. മുരളീധരനും, കെ.സി. വേണുഗോപാലിനും ഓരോരുത്തരെ അധ്യക്ഷന്മാരായി അവരോധിക്കാനായി. സതീശൻ സ്വന്തം വിശ്വസ്തനെ എറണാകുളത്തും സുധാകരൻ കണ്ണൂരിലും പ്രതിഷ്ഠിച്ചു.
ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന തൃശൂരെ ജോസ് വള്ളൂർ ഇപ്പോൾ സുധാകര ക്യാമ്പിലാണ്. എ ഗ്രൂപ്പിലായിരുന്നെങ്കിലും കാസർകോട്ടെ പി.കെ. ഫൈസലിനും ഇപ്പോ കെ.സിയും കെ.എസ്സുമായാണ് കൂടുതൽ അടുപ്പം. ഉറച്ച എ ഗ്രൂപ്പുകാരനാണെങ്കിലും പാലോട് രവിക്ക് സതീശനുമായി നല്ല ബന്ധം. നെടുമങ്ങാട്ട് പാലോട് രവി കാലുവാരിയെന്ന് പത്രസമ്മേളനം വിളിച്ചുപറഞ്ഞതിന് സ്ഥാനാർഥിയായിരുന്ന പ്രശാന്ത് സസ്പെൻഷനിലായി. ആരോപണവിധേയൻ പ്രസിഡന്റുമായി.
അധികാരത്തിന്റെ തോണി ആലപ്പുഴയും കോട്ടയവും വിട്ട് എറണാകുളത്തേക്കും കണ്ണൂരേക്കും ഒഴുകുകയാണ്. തന്ന പേരുകൾ ഉയർത്തിക്കാട്ടിയാണ് സുധാകരൻ, ഉമ്മൻ ചാണ്ടിക്ക് മറുപടി നൽകിയത്. ഉമ്മൻ ചാണ്ടി പറഞ്ഞത് നിഷേധിക്കേണ്ടി വരുന്നതിൽ വിഷമമമുണ്ടെന്ന മിതത്വം സാധാരണ സുധാകരനിൽ കാണാത്തതാണ്. സതീശൻ ഒന്നുകൂടി കടത്തി പറഞ്ഞു. ഇനി ആ സമ്മർദം ഫലിക്കില്ല നടക്കില്ല എന്ന് പറയുന്നത് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കൃത്യമായ മുന്നണിയിപ്പാണ്. 2011-ൽ മന്ത്രിമാരുടെ പട്ടികയിൽ ഉണ്ടായിരുന്ന താൻ എങ്ങനെ വെട്ടിമാറ്റപ്പെട്ടു എന്ന സതീശന്റെ ചോദ്യം ചെന്നിത്തലയെ ഉന്നമിട്ടായിരുന്നു.
വിവാദങ്ങൾക്കിടയിലും പട്ടികയിൽ ചില പതിവ് രീതികളുടെ പൊളിച്ചെഴുത്തുമുണ്ടായി. കോട്ടയത്തും എറണാകുളത്തും കുറേക്കാലമായി ക്രിസ്ത്യൻ സമുദായത്തിൽ നിന്നൊരാളായിരുന്നു അധ്യക്ഷനെങ്കിൽ ഇത്തവണ കോട്ടയത്ത് ഈഴവ വിഭാഗത്തിൽ നിന്നൊരാൾ പ്രസിഡന്റായി. എറണാകുളത്ത് ഷിയാസിന്റെ വരവ് കാര്യമായ എതിർപ്പില്ലാതെയായിരുന്നു. മലപ്പുറത്ത് വി.എസ്. ജോയിയുടെ വരവും പതിവ് തെറ്റിച്ചുകൊണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി. പ്രസിഡന്റുമാണ് ജോയ്. പാലക്കാട്ടെ എ.വി. ഗോപിനാഥും ശിവദാസൻ നായരും നെടുമങ്ങാട്ടെ പ്രശാന്തും, അനിൽകുമാറും ഒക്കെ ഇനി സ്വയം ഒതുങ്ങുമോ അതോ പൊട്ടിത്തെറിച്ചുപോകുമോ അധികം കാക്കേണ്ടി വരില്ല.
ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത് അവസരമാക്കി കോൺഗ്രസിൽ ഗ്രൂപ്പുകളുടെ ബാരിക്കേഡ് പൊളിച്ചാണ് കെ. സുധാകരനും വി.ഡി. സതീശനും തലപ്പത്തെത്തിയത്. ആപത്തിൽ യോജിക്കാറുള്ള എക്കും ഐക്കും അത് കണ്ടുനിൽക്കാനെ കഴിഞ്ഞുള്ളൂ. കേന്ദ്രത്തിൽ പിടിയുള്ള കെ.സി. വേണുഗോപാലിന്റെ ആശിർവാദവും ഇവരുടെ പിടിച്ചെടുക്കലിനുണ്ടായിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി കോൺഗ്രസിൽ ഉമ്മൻ ചാണ്ടി അധികാരകേന്ദ്രമായിരുന്നു. കരുണാകരനും ആന്റണിയും തലപ്പത്തുള്ളപ്പോഴും അണിയറയിൽ ചരടിന്റെ ഒരറ്റം ഉമ്മൻ ചാണ്ടിയുടെ കൈയിലായിരുന്നു. കരുണാകരൻ ക്ഷീണിച്ച താലത്ത് മുരളിയെ വെട്ടി ചെന്നിത്തല വിശാല ഐ ഗ്രൂപ്പുമായി പയറ്റി കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവും ആയി. ഈ രണ്ട് നേതാക്കൾക്കും ഇത് ഇറക്കത്തിന്റെ കാലമാണ്. പരമ്പരാഗത എ, ഐ ഗ്രൂപ്പുകളുടെ അസ്തമയത്തിന് ഇനി അധികകാലമുണ്ടാവില്ല. തന്ത്രങ്ങളുടെ അമരക്കാരനും ഇനി ഒരങ്കത്തിന് ബാല്യമുണ്ടോ എന്ന അന്വേഷണത്തിലാണ്. മിനി കേഡർ പാർട്ടി ആക്കാൻ ആഗ്രഹിക്കുന്ന സുധാകരന് ഇനി ആ ലക്ഷ്യം പൂർത്തിയാക്കാനാകുമോ എന്നും കണ്ടറിയണം.
content highlights:as oommen chandy and ramesh chennithala loses grip,vd satheesan and kc venugopal becomes strongholds in congress